ന്യൂഡൽഹി: ഛത്തീസ്‌ഗഡിലെ നക്സൽ വിരുദ്ധ പോരാട്ടത്തിൽ നിന്ന് 12000 പേരെ പിൻവലിക്കാൻ സിആർപിഎഫ് പിൻവലിക്കുന്നു. പകരം ഇത്രയും യുവാക്കളെ ചുമതലയേൽപ്പിക്കാനാണ് തീരുമാനം. പോരാട്ടം ശക്തിപ്പെടുത്താൻ യുവാക്കളെ അണിനിരത്തുകയും പ്രായമായവരെ പിൻവലിക്കുകയുമാണ് ചെയ്യുന്നത്.

നക്സൽ വിരുദ്ധ പോരാട്ടത്തെ മുന്നിൽ നിന്ന് നയിക്കുന്ന ഇന്ത്യയിലെ അർദ്ധസൈനിക വിഭാഗമായ സിആർപിഎഫ് ഈയടുത്ത് 20000 പേരെ റിക്രൂട്ട് ചെയ്‌തിരുന്നു. ഇതിൽ 18 നും 21 നും ഇടയിൽ പ്രായമുളള 12000 പേരെ ഛത്തീസ്‌ഗഡിൽ മാത്രം നക്‌സൽ സ്വാധീനം ഇല്ലാതാക്കാൻ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം. 45 നും 50 നും ഇടയിൽ പ്രായമുളളവരെ പോർമുഖത്ത് നിന്ന് പിൻവലിക്കും.

സമീപകാലത്ത് നക്‌സൽ ആക്രമണത്തിൽ പരിക്കേറ്റവരും കൊല്ലപ്പെട്ടവരും പ്രായമേറിയവരാണെന്ന കണക്കുകളാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. നക്സലുകൾക്ക് സ്വാധീനം കുറവുളള മേഖലകളിലേക്ക് ഇവരെ മാറ്റിനിയമിക്കാനുളള തീരുമാനമാണ് ഉളളത്.

യുവാക്കളുടെ സംഘത്തിൽ ആദ്യത്തെ ട്രൂപ്പുകൾ ഛത്തീസ്‌ഗഡിൽ നക്‌സലുകൾക്ക് ശക്തമായ സ്വാധീനമുളള സുക്‌മ, ദന്ദേവാഡ എന്നിവിടങ്ങളിലേക്കാണ് മാറ്റുക. ഇവരിൽ ചിലരെ കാശ്‌മീരിൽ വിഘടനവാദികളോട് ഏറ്റുമുട്ടാനും നിയോഗിക്കുമെന്നാണ് സിആർപിഎഫ് വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ