ന്യൂഡൽഹി: പുലിറ്റ്സർ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യം വച്ച് ബിജെപി നേതാക്കളും അനുഭാവികളും. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ബിജെപി നേതാക്കളും പ്രവർത്തകരും അടക്കമുള്ളവർ രാഹുൽ ഗാന്ധിക്കെതിരായ പ്രചാരണം ആരംഭിച്ചത്.

പുലിറ്റ്സർ പുരസ്കാരം ലഭിച്ച ഫോട്ടോ ജേണലിസ്റ്റുകളായ ദർ യാസിൻ, മുഖ്താർ ഖാൻ, ചാന്നി ആനന്ദ് എന്നിവർക്ക് രാഹുൽ ഗാന്ധി അഭിനന്ദനമറിയിച്ചിരുന്നു. ‘ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റുകളായ ദർ യാസിൻ, മുഖ്താർ ഖാൻ, ചാന്നി ആനന്ദ് എന്നിവർക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും നിങ്ങൾ ഞങ്ങൾ എല്ലാവർക്കും അഭിമാനമേകി’യെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

തുടർന്ന് പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചതിന് ബിജെപി വക്താവ് സാംബിത് പത്ര രാഹുലിനെ കുറ്റപ്പെടുത്തി ട്വീറ്റ് ചെയ്തിരുന്നു. “പ്രിയപ്പെട്ട രാഹുൽ ഗാന്ധി ജി, ഇന്ന് ഫൊട്ടോഗ്രാഫിക്ക് പുലിറ്റ്സർ പുരസ്കാരം ലഭിച്ച മിസ്റ്റർ ദറിനെ താങ്കൾ അഭിനന്ദിച്ചു. ഇവിടെ ചേർത്തിരിക്കുന്ന ഫൊട്ടോഗ്രാഫുകളിലൊന്നിലെ അടിക്കുറിപ്പിൽ ഇന്ത്യൻ ഒക്കുപൈഡ് കശ്മീർ എന്ന് പരാമർശിക്കുന്നു. മിസ്റ്റർ രാഹുൽ കശ്മീർ ഇന്ത്യയുടെ ഭാഗമല്ലേ? ഉത്തരം പറയൂ” എന്നാണ് സാംബിത് പത്രയുടെ ട്വീറ്റ്.

ദർ യാസിറിന്റെ ചിത്രവും അതിന്റെ അടിക്കുറിപ്പിന്റെ സ്ക്രീൻ ഷോട്ടും ട്വീറ്റിനോപ്പം ബിജെപി വക്താവ് പങ്കുവച്ചിട്ടുണ്ട്. ആന്റി നാഷനൽ രാഹുൽ ഗാന്ധി എന്ന ഹാഷ്ടാഗോടു കൂടിയാണ് ബിജെപി വക്താവിന്റെ ട്വീറ്റ്.

കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്തും സാംബിത് പാത്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ സോണിയ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും രാഹുലിന്റെ നിലപാടിനെ അംഗീകരിക്കുന്നുണ്ടോയെന്ന് പത്രയുടെ ട്വീറ്റിൽ ചോദിക്കുന്നു.

Read Moreപെട്രോൾ, ഡീസൽ, എക്സൈസ് തീരുവ വർധിപ്പിച്ചു

ഇതിനു പിറകേ ബിജെപി അനുഭാവികൾ രാഹുലിനെ ലക്ഷ്യംവച്ച് ട്വീറ്റ് ചെയ്യാനാരംഭിച്ചു. ആന്റി നാഷനൽ രാഹുൽ ഗാന്ധി എന്ന ഹാഷ്ടാഗിൽ ഇതിനകം 33,000ഓളം ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

കശ്മീർ താഴ്‌വരയിൽ നിന്നുള്ള ഫൊട്ടോഗ്രാഫുകളാണ് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയുടെ ഫൊട്ടോ ജേണലിസ്റ്റുകളായ ദർ യാസിൻ, മുഖ്താർ ഖാൻ, ചാന്നി ആനന്ദ് എന്നിവരെ പുലിറ്റ്സർ പുരസ്കാരത്തിന് അർഹരാക്കിയത്.

Read More | നിർധനരായ ഇതര സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രാ ചെലവ് കോൺഗ്രസ് വഹിക്കും: സോണിയ ഗാന്ധി

കോവിഡ്-19 വൈറസ് വ്യാപനം കാരണം ഇത്തവണ രണ്ടാഴ്ച വൈകിയായിരുന്നു പുലിറ്റ്സർ പുരസ്കാര പ്രഖ്യാപനം. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ വച്ചാണ് സാധാരണ പുരസ്കാര ദാന ചടങ്ങ് നടത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook