ലക്നൗ: ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ മുസ്‌ലിങ്ങൾ നാടുവിടണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായി പോസ്റ്ററുകൾ പതിച്ചു. പോസ്റ്റര്‍ പതിച്ചവരെ കണ്ടെത്താന്‍ രണ്ട് സംഘങ്ങളെ രൂപീകരിച്ചതായി യുപി പൊലീസ് അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 153-എ പ്രകാരം പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഹിന്ദിയിൽ എഴുതിയ പോസ്റ്ററുകൾ നിരവധി സ്ഥലങ്ങളിലാണ് പതിച്ചിരിക്കുന്നത്. ബറേലിയിൽ നിന്നും 70 കിലോമീറ്റർ അകലെ ജിയാൻഗല എന്ന സ്ഥലത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നാടുവിടാൻ തയാറാകുന്നില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും പോസ്റ്ററിൽ ഭീഷണിയുണ്ട്.

ഗ്രാമത്തിലെ ഹിന്ദുക്കളുടെ പേരിൽ പതിച്ചിരിക്കുന്ന പോസ്റ്ററിൽ ബിജെപി എംപിയുടെ പേരും പരാമർശിക്കുന്നുണ്ട്. ട്രംപ് അമേരിക്കയിൽ നടപ്പാക്കിയത് തങ്ങൾ ഇവിടെ നടപ്പാക്കുകയാണെന്നും കാരണം യുപിയിൽ ബിജെപി അധികാരത്തിൽ വന്നെന്നും പോസ്റ്ററിൽ ഭീഷണിയുണ്ട്.

പ്രദേശത്തെ ഇരുനൂറിൽ അധികം ഗ്രാമങ്ങളിലായി 2,500 ഓളം മുസ്‌ലിം കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സമൂഹം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ