സാൻ ഫ്രാൻസിസ്കോ: അമേരിക്കയിൽ വംശീയ വിരുദ്ധതയ്ക്ക് ആക്കം കൂട്ടുന്ന നിലയിൽ സാൻ ഫ്രാൻസിസ്കോ മെട്രോ സ്റ്റേഷനുകളിൽ എച്ച് 1 ബി വീസ വിരുദ്ധ പോസ്റ്ററുകൾ പതിച്ചു. പ്രാദേശിക ട്രെയിനുകളിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുളള ടെക്കികൾ ഏറ്റവും അധികം ഉപയോഗിക്കുന്ന വീസയ്ക്ക് എതിരെയാണ് തദ്ദേശീയരുടെ പ്രതിഷേധം ഉയർന്നിരിക്കുന്നത്.

കുടിയേറ്റ നയം പരിഷ്‌കരിക്കണമെന്ന് വാദിക്കുന്ന ദി പ്രോഗ്രസീവ്സ് ഫോർ ഇമിഗ്രേഷൻ റിഫോം ആണ് 80000 ഡോളർ മുടക്കി പരസ്യങ്ങൾ പതിച്ചത്. തദ്ദേശീയരായ യുവാക്കളിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിനാണ് പോസ്റ്ററുകൾ പതിച്ചതെന്ന് സംഘടനയുടെ ഡയറക്ടർ കെവിൻ ലിൻ പറഞ്ഞു.

നേരത്തേ എച്ച് 1 ബി വീസ ചട്ടത്തിൽ ഡോണൾഡ് ട്രംപ് സർക്കാർ വലിയ നയരൂപീകരണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എച്ച് 1 ബി വീസ ഉടമകൾക്ക് ഇനി വീസ പുതുക്കി നൽകില്ലെന്നായിരുന്നു പ്രചാരണം.

എന്നാൽ പിന്നീട് കുടിയേറ്റ സേവന വിഭാഗം മാധ്യമ വക്താവ് ജൊനാഥൻ വിതിങ്ടൺ ഇക്കാര്യത്തിലെ സർക്കാർ നയം വ്യക്തമാക്കി. “എച്ച് 1 ബി വീസയുള്ളവർക്ക് അമേരിക്ക വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ട വിധത്തിൽ അമേരിക്കൻ പൗരത്വ നിയമത്തിൽ മാറ്റം വരുത്താൻ ഞങ്ങൾ ആലോചിച്ചിട്ടില്ല”, വിതിങ്ടൺ പറഞ്ഞു.

വീസ കാലാവധി അവസാനിച്ചശേഷം ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ രാജ്യം വിടുന്ന തരത്തിൽ തദ്ദേശീയർക്ക് പ്രാധാന്യം നൽകിയുള്ള നയരൂപീകരണത്തിനായിരുന്നു ട്രംപ് ഭരണകൂടം ശ്രമിച്ചത്. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു നടപടി. എന്നാൽ തൽക്കാലം ഈ നടപടിയില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെ ഇന്ത്യക്കാരായ ടെക്കികൾക്ക് വലിയ ആശ്വാസമായി ഇത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ