ലക്‌നൗ: വരന്റെയും വധുവിന്റെയും കുടുംബാംഗങ്ങളുടെ പൂർണ സമ്മതത്തോടെ നടന്ന വിവാഹ ചടങ്ങ് പാതിവഴിയിൽ നിർത്തിച്ച് യുപി പൊലീസ്. വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള പുതിയ നിയമം പറഞ്ഞാണ് വിവാഹച്ചടങ്ങളില്‍ പൊലീസ് ഇടപെടല്‍.

ഹിന്ദു സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി വിവാഹചടങ്ങുകൾ വിലക്കിയത്. ഹിന്ദു മതത്തിൽപ്പെട്ട യുവതിയും മുസ്‌ലിം മതത്തിൽപ്പെട്ട യുവാവും തമ്മിലുള്ള വിവാഹമാണ് പൊലീസ് മുടക്കിയത്. ലക്‌നൗവിലെ ഡുഡാ കോളനിയിലാണ് സംഭവം.

വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ സ്ഥലത്തെത്തിയ പൊലീസ് ലക്‌നൗ ജില്ലാ കോടതിയുടെ അനുമതി വാങ്ങിയ ശേഷമേ വിവാഹം നടത്താവൂ എന്ന് നിർദേശിക്കുകയായിരുന്നു. ഹിന്ദു മതാചാര പ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നിരുന്നത്. പൊലീസ് നിർദേശം അനുസരിച്ച് കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷമേ വിവാഹം നടത്തൂവെന്ന് വരന്റെയും വധുവിന്റെയും കുടുംബം ഉറപ്പുനൽകി.

Read Also: സിഎഎ പ്രതിഷേധങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു; പോപ്പുലർ ഫ്രണ്ടിനെതിരെ എൻഫോഴ്‌സ്‌മെന്റ്

ഹിന്ദുമഹാസഭ നേതാവ് ബ്രിജേഷ് ശുക്ല നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളിവിടെ എത്തിയതെന്നും ചടങ്ങുകള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനനിയമത്തിന്റെ മൂന്ന്, എട്ട് വകുപ്പുകള്‍ പ്രകാരം ഇവരുടെ വിവാഹം അംഗീകരിക്കാനാകില്ലെന്നാണ് പൊലീസ് വിശദീകരിച്ചത്.

ആദ്യം ഹിന്ദു മതാചാര പ്രകാരവും പിന്നീട് മുസ്‌ലിം ആചാര പ്രകാരവും വിവാഹം നടത്താനായിരുന്നു തീരുമാനം. വരന്റെയും വധുവിന്റെയും കുടുംബാംഗങ്ങൾക്ക് ഇതിൽ പൂർണ സമ്മതമായിരുന്നു. നിർബന്ധിത മതപരിവർത്തനത്തിന്റെ പരിധിയിൽ ഇതു വരില്ലെന്ന് രണ്ട് കൂട്ടരും പൊലീസിനോട് പറഞ്ഞെങ്കിലും അംഗീകരിച്ചില്ല. ഹിന്ദു യുവ വാഹിനിയെന്ന സംഘടനയാണ് വിവാഹത്തിനെതിരെ പൊലീസിൽ പരാതി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook