ന്യൂഡല്‍ഹി: ബെംഗളൂരുവിലെ ആകാശപാതയില്‍ ഇന്‍ഡിഗോ വിമാനങ്ങൾ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച രാത്രി സംഭവം നടക്കുമ്പോള്‍ 330 യാത്രക്കാരാണ് വിമാനങ്ങളില്‍ ഉണ്ടായിരുന്നത്. ഇരുവിമാനങ്ങളും നേർക്കു നേർ എത്തിയപ്പോൾ ഓട്ടോമാറ്റിക്കായി ലഭിച്ച മുന്നറിയിപ്പു സന്ദേശമാണ് വൻ ദുരന്തമൊഴിവാക്കാന്‍ പൈലറ്റുമാരെ സഹായിച്ചത്.

കോയമ്പത്തൂര്‍- ഹൈദരാബാദ് വിമാനമായ 6ഇ779. ബംഗളൂരു- കൊച്ചി വിമാനമായ 6ഇ6505 എന്നീ വിമാനങ്ങള്‍ വെറും 6.43 കിലോമീറ്ററോളും ദൂരെ മുഖാമുഖം വരികയായിരുന്നു. ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) വിഭാഗത്തിന്റെ നിർദ്ദേശത്തെ തുടര്‍ന്ന് ഒരു വിമാനം 36,000 അടി ഉയരത്തില്‍ പൊങ്ങിപ്പറന്നു. സാധാരണ ഗതിയില്‍ വിമാനങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട അകലം ഉണ്ടായില്ലെന്നാണ് വിവരം. എയര്‍ക്രാഫ്റ്റ് ട്രാഫിക് കൊളിഷന്‍ അവോയിഡന്‍സ് സിസ്റ്റത്തിന്റെ (ടിസിഎഎസ്) സഹായത്തോടെയാണ് ഇരു വിമാനങ്ങളിലും മുന്നറിയിപ്പ് ലഭ്യമായത്.

എതിര്‍ദിശയില്‍ പോകുന്ന രണ്ടു വിമാനങ്ങള്‍ ഒരേ സമയം അടുത്തടുത്ത് വരികയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്കെതിരെ നടപടി എടുക്കുമെന്നാണ് അറിയുന്നത്. ജൂലൈ 10ന് സംഭവം നടന്നതായി ഇന്‍ഡിഗോ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ട്രാഫിക് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റത്തിലെ അലാം മുഴങ്ങാന്‍ തുടങ്ങിയത് അപകടം ഒഴിവാക്കി.

ഇരു വിമാനങ്ങളിലെ കോക്പിറ്റിലും മുന്നറിയിപ്പെത്തി. ഇതേത്തുടര്‍ന്നു പൈലറ്റുമാര്‍ ഇടപെട്ടു കൂട്ടിയിടി ഒഴിവാക്കുകയായിരുന്നു. 6.43 കിലോമീറ്റര്‍ എന്നു പറയുന്നത് സെക്കന്റുകള്‍ക്കുള്ളില്‍ എത്തുന്ന ദൂരമാണെന്നും, അതുകൊണ്ടു തന്നെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ദുരന്തമാണ് ഒഴിവായതെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. തങ്ങളുടെ രണ്ട് വിമാനങ്ങളിലും ടിസിഎഎസ് സംവിധാനം ഉണ്ടായിരുന്നതായി ഇന്‍ഡിഗോ വ്യക്തമാക്കി. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.എസ്.ഭുല്ലാര്‍ പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ