/indian-express-malayalam/media/media_files/uploads/2019/12/up-protest.jpg)
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരായ പ്രതിഷേധം ദിവസങ്ങൾ കഴിയുംതോറും കൂടുതൽ ശക്തമാകുന്നു. പ്രക്ഷോഭങ്ങൾ പലയിടത്തും അക്രമസക്തമായി. ഉത്തർപ്രദേശിൽ മാത്രം പ്രക്ഷോഭത്തിനിടെ 15 പേർ കൊല്ലപ്പെട്ടു. കാൻപൂരിലും റാംപൂരിലും നടന്ന പ്രക്ഷോഭത്തിനിടെയാണ് കുട്ടിയും പൊലീസുകാരനുമടക്കം 15 പേർ കൊല്ലപ്പെട്ടത്.
റാംപൂരിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. നിരവധിയാളുകൾക്കാണ് ഇവിടെ പരുക്കേറ്റത്. കാൻപൂരിൽ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷന് തീയിട്ടതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
യുപിയിലെ നഗരങ്ങളില്‍ നിന്ന് ഇന്നലെ 660 ഓളം പേരെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്ന് പൊലീസ് തന്നെ സമ്മതിച്ചിരുന്നു. ഇന്നും നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം, അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാട്. പ്രതിഷേധിക്കുന്നവരുടെ വസ്തുവകകളെല്ലാം ലേലം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് മംഗളൂരുവിൽ കർഫ്യൂവിന് ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇന്നു ഉച്ചയ്ക്ക് മൂന്നു മണി മുതൽ ആറുവരെയാണ് ഇളവ് പ്രഖ്യാപിച്ചത്. നാളെ പകലും ഇളവുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തിലാണ് നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചത്. പ്രതിഷേധത്തിൽ മംഗളൂരുവിൽ രണ്ടുപേർ മരിച്ചിരുന്നു. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഞായറാഴ്ച അർധരാത്രി വരെ നഗര പരിധിയിൽ പ്രവേശിക്കുന്നത് വിലക്കി മംഗളൂരു പൊലീസ് നോട്ടീസ് നൽകി. പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങളെ കാണാനായി ഞായറാഴ്ച മംഗളൂരു നഗരം സന്ദർശിക്കാനിരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാക്കാൻ വിദ്യാർഥികളുടെ തീരുമാനം. ടിഐഎസ്എസ്, ഐഐടി-ബോംബെ, മുംബൈ യൂണിവേഴ്സിറ്റി അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർതികൾ ഡിസംബർ 27 ന് പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചു. ന്യൂഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റിക്കു പുറത്ത് ഇന്നു സമാധാനപരമായ പ്രതിഷേധം നടന്നു. നാഗ്പൂരിൽ നിയമത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.