scorecardresearch

പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം; തമിഴ്‌നാട്ടിൽ സി‌എ‌എ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

കുന്നൂര്‍, തിരിച്ചെന്തൂര്‍, കുംഭകോണം, മേലപാളയം, രാമനാഥപുരം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധം അരങ്ങേറി

കുന്നൂര്‍, തിരിച്ചെന്തൂര്‍, കുംഭകോണം, മേലപാളയം, രാമനാഥപുരം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധം അരങ്ങേറി

author-image
WebDesk
New Update
shaheen bagh model protests chennai,chennai caa protests,north chennai protests caa,caa protest chennai lathicharge,lathicharge caa protest chennai,ഷഹീൻ ബാഗ് മോഡൽ സമരം ചെന്നൈ,ചെന്നൈ സിഎഎ വിരുദ്ധ സമരം,ചെന്നൈ സമരം,വാഷർമാൻപേട്ട് സമരം, iemalayalam, ഐഇ മലയാളം

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തതിനെതിരെ തമിഴ്‌നാട്ടിലുടനീളം പ്രതിഷേധം. കുന്നൂര്‍, തിരിച്ചെന്തൂര്‍, കുംഭകോണം, മേലപാളയം, രാമനാഥപുരം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധം അരങ്ങേറി. പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി.

Advertisment

ചെന്നൈ വാഷര്‍മാന്‍പേട്ടില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെയാണു പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ജോയിന്റ് കമ്മിഷണര്‍ പി. വിജയകുമാരി ഉള്‍പ്പെടെ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിരുന്നു. സംഭവത്തില്‍ നൂറ്റമ്പതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതേത്തുടര്‍ന്നു പ്രതിഷേധം അക്രമാസക്തമായിരുന്നു.

ഡല്‍ഹിയിലെ ഷഹീന്‍ ബാഗിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ആയിരത്തിലധികം സ്ത്രീകളാണു പ്രദേശത്ത് രാപ്പകല്‍ കുത്തിയിരിപ്പ് ആരംഭിച്ചിരിക്കുന്നത്. പ്രദേശത്ത് ഇപ്പോഴും കടകള്‍ അടഞ്ഞുകിടക്കുകയാണ്. സമാധാനപരമായി തങ്ങള്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്നാണു സമരക്കാരുടെ ആരോപണം. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കു പരുക്കേറ്റതായും പലരെയും ക്രൂരമായാണു മര്‍ദിച്ചതെന്നും ദൃക്‌സാക്ഷി പറഞ്ഞു.

ലാത്തിച്ചാര്‍ജിനെതിരെ തമിഴ്‌നാട്ടിലെ കുറഞ്ഞത് പന്ത്രണ്ട് പ്രധാന നഗരങ്ങളില്‍ പ്രതിഷേധം അരങ്ങേറി. കുന്നൂരില്‍ വ്യപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചു. തിരിച്ചെന്ദൂരിലും പ്രതിഷേധം നടന്നു. കുംഭകോണം ജില്ലയില്‍ ഒരു പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. നെല്ലായില്‍ മേലപാളയത്തായിരുന്നു പ്രതിഷേധം. ചിദംബരം-തൃശിനാപ്പളള്ളി ദേശീയപാത പ്രതിഷേധകര്‍ ഉപരോധിച്ചു. രാമനാഥപുരം ജില്ലയില്‍ അഞ്ഞൂറിലേറെ പേര്‍ പ്രകടനം നടത്തി.

Advertisment

പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് ലാത്തിച്ചാര്‍ജിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സമാധാനപരമായി സമരം ചെയ്തവരെ പിരിച്ചുവിടാന്‍ പൊലീസ് എന്തിനാണു ബലം പ്രയോഗിച്ചതെന്നു ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഡിഎംകെ എംപി കനിമൊഴി, അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടിടിവി ദിനകരന്‍ എന്നിവരും പൊലീസ് നടപടിക്കെതിരെ രംഗത്തെത്തി. വൈകോ നയിക്കുന്ന എംഡിഎംകെ പൊലീസ് നടപടിക്കെതിരെ പ്രമേയം പാസാക്കി. അതേസമയം, പൊലീസുകാര്‍ക്കെതിരായ അക്രമത്തെ അപലപിച്ച് ബിജെപി നേതാവ് എച്ച്. രാജ രംഗത്തെത്തി. 'കലാപകാരികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണ'മെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പ്രതിഷേധക്കാരാണു പ്രശ്‌നം സൃഷ്ടിച്ചതെന്നാണു പൊലീസ് പറയുന്നത്. പ്രതിഷേധം നടക്കുന്ന പ്രദേശത്തുനിന്നു പൊലീസ് ഇത്രയും നാള്‍ വിട്ടു നില്‍ക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

' ഇത് ഷഹീന്‍ ബാഗ് മാതൃകയില്‍ പ്രതിഷേധം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. പ്രതിഷേധം തുടരുമെന്ന് അവര്‍ പ്രഖ്യാപിക്കുന്നതുവരെ ഞങ്ങള്‍ ഇടപെട്ടില്ല. ഞങ്ങള്‍ അവരോട് സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിനോട് സഹകരിച്ചില്ല. തര്‍ക്കം മുറുകിയപ്പോള്‍ അവര്‍ പൊലീസിനു നേരെ കല്ലേറ് തുടങ്ങി. അപ്പോള്‍ അവരെ ബലമായി ഒഴിപ്പിക്കേണ്ടി വന്നു. ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോഴും പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയില്ല. ചില ഒറ്റപ്പെട്ട കേസുകള്‍ ഒഴികെ മറ്റൊന്നും സംഭവിച്ചിട്ടില്ല. എല്ലാ പ്രതിഷേധങ്ങളെയും ഞങ്ങള്‍ സമാധാനപരമായി കൈകാര്യം ചെയ്യും,' ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പോലീസ് ബലപ്രയോഗത്തെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് എഴുപതുകാരന്‍ മരിച്ചു. എന്നാല്‍ മരണത്തിന് പൊലീസ് നടപടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിഷേധക്കാരും പൊലീസുകാരും പറഞ്ഞു.

Citizenship Amendment Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: