/indian-express-malayalam/media/media_files/uploads/2019/12/kolam.jpg)
ചെന്നെ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതിനുപിന്നാലെ ഡിഎംകെ നേതാക്കളായ സ്റ്റാലിന്റെയും കനിമൊഴിയുടെയും വീടിനു മുന്നിലും കോലങ്ങൾ പ്രത്യക്ഷപ്പെട്ടു. സിഎഎ, എൻആർസി എന്നിവയ്ക്കെതിരായ മുദ്രാവാക്യങ്ങളും കോലത്തോടൊപ്പം എഴുതിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് വീടിന് മുന്നിൽ കോലം വരച്ച അഞ്ച് പേരെ ചെന്നൈയിൽ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് സ്റ്റാലിന്റേയും കനിമൊഴിയുടേയും നിദേശ പ്രകാരം പ്രവർത്തകർ നേതാക്കളുടെ വീടിന് മുന്നിലും കോലം വരച്ചത്.
തന്റെ താമസസ്ഥലത്തിന് പുറത്ത് ചോക്ക് പൊടി ഉപയോഗിച്ച് വരച്ച കോലത്തിന്റെ ഫോട്ടോകൾ സ്റ്റാലിൻ ട്വിറ്ററിലൂടെ പങ്കുവച്ചു. 'ഞങ്ങളുടെ വീടുകളിൽ' എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
#NRC_CAA_Protests எங்கள் இல்லத்தில்.. pic.twitter.com/e7nZ13YLPZ
— M.K.Stalin (@mkstalin) December 30, 2019
സ്റ്റാലിന്റെ നിർദേശപ്രകാരം 'NO CAA, NO NRC' എന്ന മുദ്രാവാക്യങ്ങളോടെ ഞായറാഴ്ച കനിമൊഴി തങ്ങളുടെ വനിതാ വിങ് അംഗങ്ങളോട് വീടുകൾക്ക് പുറത്ത് കോലങ്ങൾ വരയ്ക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. തമിഴ്‌നാട്ടിലെ പുതിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന് പാർട്ടി നേതൃത്വം നൽകി.
നേരത്തെ, അഞ്ച് പ്രതിഷേധക്കാരെ തടഞ്ഞുവച്ചതിനെ അപലപിച്ച സ്റ്റാലിൻ ഭരണഘടനയിൽ അനുവദിക്കുന്ന മൗലികാവകാശങ്ങൾ സർക്കാർ നിഷേധിക്കുകയാണെന്ന് പറഞ്ഞിരുന്നു. “അവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം, ഞാഞ്ഞൂൽ സർക്കാർ മനുഷ്യാവകാശങ്ങളെ മാനിക്കണം,” എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Read More: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം: വീടിനു മുന്നില്‍ കോലംവരച്ച അഞ്ച് പേര്‍ അറസ്റ്റില്‍
ചെന്നൈയിലെ ബസന്ത് നഗറിലുള്ള കോളനിയിലാണ് കഴിഞ്ഞദിവസം കോലംവരച്ചുള്ള പ്രതിഷേധം നടന്നത്. പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കരുതെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സംഭവത്തിൽ നാല് സ്ത്രീകളെയും ഒരു പുരുഷനെയും തമിഴ് നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
— Amba (she/her) (@MumbaiCentral) December 29, 2019
ഗായത്രി, ആരതി, കല്യാണി, പ്രഗതി, മദന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന വീഡിയോ ഇവരില്‍ ഒരാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കോലംവരച്ചുള്ള പ്രതിഷേധമാണെങ്കിലും അത് നിയമത്തിന് എതിരാണെന്നാണ് ചെന്നൈ പൊലീസ് പറയുന്നത്. കോലംവരക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും അനുമതി ലംഘിച്ചാണ് പ്രതിഷേധക്കാര്‍ ഇത് ചെയ്തതെന്നും പൊലീസ് പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.