വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മാധ്യമ ഉപദോഷ്ടാവ് ആന്റണി സ്‌കെറാമൂച്ചിയെ പുറത്താക്കി. വൈറ്റ്ഹൗസ് വൃത്തങ്ങളാണ് ആന്‍റണി സ്കെറാമൂച്ചിയെ പുറത്താക്കിയ വിവരം പുറത്തുവിട്ടത്. ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയാണ് സ്‌കെറാമൂച്ചിയെ പുറത്താക്കിയതിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ട്രംപിന്റെ മാധ്യമ ഉപദേഷ്ടാവായി നിയമനം ലഭിച്ച് പത്ത് ദിനം പിന്നിടുന്നഘട്ടത്തിലാണ് ആന്റണി സ്‌കെറാമൂച്ചിയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കുന്നത്. നിയമിച്ച് ദിവസങ്ങള്‍ക്കകം തന്നെ വലിയ പ്രശ്‌നങ്ങളാണ് സ്‌കെറാമൂച്ചി ഉണ്ടാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപിന്റെ ചീഫ് സ്റ്റാഫ് റീന്‍സ് പ്രീബസിനെതിരെയും വൈറ്റ്ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ക്കെതിരെയും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു. തിങ്കളാഴ്ച ചുമതലയേറ്റ ട്രംപിന്റെ പുതിയ ചീഫ് സ്റ്റാഫായ ജനറല്‍ ജോണ്‍ കെല്ലിയുടെ തീരുമാനപ്രകാരമാണ് സ്‌കാരാമൂച്ചിയുടെ പുറത്താക്കലെന്നാണ് സൂചന. കൂടാതെ സ്‌കാരാമൂച്ചിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റും തൃപ്തനായിരുന്നില്ല.

എന്നാല്‍ പുതുതായി ചുമതലയേറ്റ കെല്ലിക്ക് പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ വേണ്ടി അദ്ദേഹം രാജിവച്ചതാണെന്നാണ് വൈറ്റ്ഹൗസ് നല്‍കുന്ന വിശദീകരണം. നേരത്തെ അഭ്യന്തര സെക്രട്ടറിയായിരുന്ന ജോണ്‍ എഫ് കെല്ലി ഇന്നലെയാണ് ചീഫ് ഓഫ് സ്റ്റാഫ് പദവി ഏറ്റെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ