സാഹിത്യത്തിന്റെ അതിർവരമ്പുകൾ മറികടന്ന സർഗാത്മകതയുടെ മൊഴിമാറ്റമായിരുന്നു അൻതിയ ബെൽ. ബാലസാഹിത്യം മുതൽ കാഫ്ക വരെ, കോമിക്സ് മുതൽ മനഃശാസ്ത്രം വരെ തന്റെ സർഗാത്മകമായ വിരലുകൾ കൊണ്ട് വാങ്മയചിത്രം വരച്ചിടുകയായിരുന്നു അൻതിയ. അൻതിയ നശ്വരതയുടെ ലോകത്തിലേയ്ക്ക് ചേക്കേറുമ്പോഴും അവരുടെ പുനഃസൃഷ്ടികൾ വായനക്കാരുടെ ഇടയിൽ അനശ്വരമായ ഇടം തേടിക്കഴിഞ്ഞു.

ഏറെ പ്രശസ്തമായ അസ്ട്രിക്സ് കോമിക്സ് പരമ്പര, ഡെറക് ഹോക്റിഡ്ജുമായി ചേർന്ന് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയപ്പോൾ കഥാപാത്രങ്ങളുടെ പേരുകൾക്ക് വരുത്തിയ മാറ്റം ആ കഥാപാത്രങ്ങളെ ജനഹൃദയങ്ങളിൽ ഇടംപിടിക്കുന്നതിന് വഴിയൊരുക്കി.
ആസ്ട്രിക്സ് പരമ്പരയുടെ മൊഴിമാറ്റത്തിൽ മൗലികവും സർഗാത്മകവുമായ പുനഃസൃഷ്ടിയാണ് നടത്തിയത്. അവരുടെ എല്ലാ പരിഭാഷകളിലും ഈ മൗലികതയുടെ ഈടുറപ്പ് കാണാൻ സാധിക്കുമെന്നതാണ് അവരെ പരിഭാഷകരുടെ ഇടയിലെ താരമാക്കി മാറ്റിയത്. ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ നിന്നാണ് അവർ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തിയത്. അവരുടെ പരിഭാഷകളിൽ കൂടുതലും ഈ ഭാഷകളിൽ നിന്നായിരുന്നു.anthea bell,passed away

ആസ്ട്രിക്സിലെ പ്രധാന കഥാപാത്രമായ ഓബ്ലിക്സിന്റെ ചെറിയ പട്ടിക്കുട്ടിക്ക് ഇഡിഫിക്സിന്റെ പേര് ഡോഗ്‌മാറ്റിക്സ് എന്നും മന്ത്രവാദിയായ പരോമിക്സിന്റെ പേര് ഗെറ്റഎഫിക്സ് എന്നും മാറ്റിയതോടെ ഈ പുസ്തകം വായനക്കാരുടെ പ്രിയപ്പെട്ടതായി മാറി എന്ന് മാത്രമല്ല, ഈ കഥാപാത്രങ്ങളെയും വായനക്കാർ ഏറ്റടുത്തു. പരിഭാഷ എന്നതിനെ സർഗാത്മക സാഹിത്യമാക്കി മാറ്റുന്നതിൽ ഗ്രിഗറി റബ്ബാസയെ പോലെ വലിയൊരു പങ്കുവഹിച്ച എഴുത്തുകാരിയാണ് അൻതിയ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook