ചെന്നൈ: ആശുപത്രി അധികൃതരുടെ പിഴവ് കാരണം എച്ച്.ഐ.വി ബാധിച്ചെന്ന് ആരോപിച്ച് തമിഴ്നാട്ടില്‍ മറ്റൊരു യുവതി കൂടി രംഗത്ത്. കില്‍പൗക്ക് മെഡിക്കല്‍ കോളേജില്‍ നിന്നും രക്തം സ്വീകരിച്ച് തനിക്ക് എയ്ഡ്സ് ബാധിച്ചെന്ന് ആരോപിച്ച് 27കാരിയാണ് രംഗത്തെത്തിയത്. ഏപ്രില്‍ മാസം ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ചാണ് തനിക്ക് എച്ച്ഐവി ബാധിച്ചതെന്ന് യുവതി ആരോപിച്ചു. അതേസമയം മറ്റേതെങ്കിലും കാരണത്താലാവാം യുവതിക്ക് എച്ച്ഐവി ബാധിച്ചിട്ടുണ്ടാവുകയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഗര്‍ഭിണിയായിരുന്ന തനിക്ക് ഹീമോഗ്ലോബിന്‍ അളവ് ഉയര്‍ത്താനായി രണ്ട് പേരില്‍ നിന്നാണ് രക്തം സ്വീകരിച്ചതെന്ന് യുവതി പറഞ്ഞു. എന്നാല്‍ രക്തം നല്‍കിയ രണ്ട് പേരും പരിശോധനയ്ക്ക് വിധേയരായിരുന്നുവെന്നും ഇരുവരും എച്ച്ഐവി ബാധിതര്‍ ആയിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ അഡ്മിറ്റ് ആകും മുമ്പ് വേണ്ട പരിശോധനകള്‍ യുവതി നടത്തിയിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
യുവതി വന്നിരുന്നത് പകുതി ഗുരുതരമായ അവസ്ഥയിലായിരുന്നുവെന്ന് ഡോ. പി വസന്തമണി പറഞ്ഞു. ‘അവര്‍ ഹാജരാക്കിയ രേഖകള്‍ നോക്കി പെട്ടെന്ന് ചികിത്സ നടത്തുകയായിരുന്നു അപ്പോള്‍ ചെയ്യാനുണ്ടായിരുന്നത്. മൂന്ന് മണിക്കൂറോളം എടുക്കുന്ന പരിശോധനകള്‍ നടത്താന്‍ അന്ന് സമയം ഇല്ലായിരുന്നു. വൈകിയാല്‍ അത് അവരുടെ ജീവനെ ബാധിക്കുമായിരുന്നു,’ ഡോക്ടറെ ഉദ്ദരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം യുവതിയുടെ മൂന്ന് മാസം പ്രായമുളള കുഞ്ഞിന് രോഗബാധയില്ല. കഴിഞ്ഞ ദിവസം 24കാരിക്ക് എച്ച്ഐവി ബാധിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ കേസും. കൗമാരക്കാരന്റെ രക്തം സ്വീകരിച്ച യുവതിക്കായിരുന്നു എച്ച്ഐവി ബാധിച്ചത്.