/indian-express-malayalam/media/media_files/2026/01/20/dego-2026-01-20-20-09-38.jpg)
Diego Garcia
വാഷിംഗ്ടൺ: ഗ്രീൻലാൻഡ് വാങ്ങാനുള്ള നീക്കങ്ങൾക്ക് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന ദ്വീപായ ഡീഗോ ഗാർഷ്യയുടെ കാര്യത്തിലും നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡീഗോ ഗാർഷ്യ ഉൾപ്പെടുന്ന ചാഗോസ് ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനത്തെ ട്രംപ് രൂക്ഷമായി വിമർശിച്ചു. ബ്രിട്ടന്റെ ഈ നീക്കം അങ്ങേയറ്റത്തെ വിഡ്ഢിത്തവും പൂർണ്ണമായ ബലഹീനതയുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
Also Read:ഗാസ സമാധാന ദൗത്യം: നരേന്ദ്ര മോദിയെ 'ബോർഡ് ഓഫ് പീസിലേക്ക്' ക്ഷണിച്ച് ഡോണാൾഡ് ട്രംപ്
ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് തന്റെ പ്രതികരണം അറിയിച്ചത്. നിർണ്ണായകമായ ഒരു യുഎസ് സൈനിക താവളം സ്ഥിതി ചെയ്യുന്ന ഡീഗോ ഗാർഷ്യ ദ്വീപ് ഒരു കാരണവുമില്ലാതെ മൗറീഷ്യസിന് വിട്ടുകൊടുക്കാൻ ബ്രിട്ടൻ പദ്ധതിയിടുന്നത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനയും റഷ്യയും ബ്രിട്ടന്റെ ഈ ബലഹീനത ശ്രദ്ധിക്കുന്നുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ സുരക്ഷാപരമായ കാരണങ്ങളാലാണ് താൻ ഗ്രീൻലാൻഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ വിമർശനങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി ബ്രിട്ടീഷ് സർക്കാർ രംഗത്തെത്തി. ദേശീയ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു കരാറിൽ ഏർപ്പെട്ടതെന്ന് ബ്രിട്ടീഷ് വക്താവ് അറിയിച്ചു. അന്താരാഷ്ട്ര കോടതി വിധികൾ ഡീഗോ ഗാർഷ്യയിലെ സൈനിക താവളത്തിന്റെ പ്രവർത്തനത്തിന് ഭാവിയിൽ തടസ്സമാകാതിരിക്കാനാണ് ഈ നടപടിയെന്നും ലണ്ടൻ വ്യക്തമാക്കി.
Also Read:ഇറാനിൽ ഇന്ത്യൻ കപ്പൽ ജീവനക്കാർ തടവിൽ; നയതന്ത്ര സഹായത്തിനായി ഇന്ത്യൻ എംബസി രംഗത്ത്
ഗ്രീൻലാൻഡ് വിഷയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് ഡീഗോ ഗാർഷ്യയെ ചൊല്ലിയുള്ള ട്രംപിന്റെ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. തന്ത്രപ്രധാനമായ ഭൂപ്രദേശങ്ങൾ കൈവിട്ടുപോകുന്നത് ആഗോള സുരക്ഷയെ ബാധിക്കുമെന്നാണ് ട്രംപിന്റെ വാദം.
എന്താണ് ബ്രിട്ടൻ-മൗറീഷ്യസ് കരാർ?
കഴിഞ്ഞ വർഷമാണ് ചാഗോസ് ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചത്. എന്നാൽ കരാർ പ്രകാരം ഡീഗോ ഗാർഷ്യയിലെ സൈനിക താവളത്തിന്റെ നിയന്ത്രണം 99 വർഷത്തേക്ക് ബ്രിട്ടൻ തന്നെ നിലനിർത്തും. അമേരിക്കയും ബ്രിട്ടനും സംയുക്തമായാണ് ഈ താവളം പ്രവർത്തിപ്പിക്കുന്നത്. വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, ഇറാഖ് യുദ്ധസമയങ്ങളിൽ അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് ഈ താവളം നിർണ്ണായക പങ്കുവഹിച്ചിരുന്നു.
Read More:ഇറാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക; ആക്രമണം അവസാനിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us