ദില്ലി: വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിനെ പറ്റിച്ച് മുങ്ങിയതിന് പിന്നാലെ വൻകിടക്കാരുടെ കൂടുതൽ തട്ടിപ്പു വാർത്തകൾ പുറത്ത്. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 800 കോടിയിലധികം രൂപ വായ്പ വാങ്ങിയ ശേഷം ഒരു രൂപ പോലും അടക്കാതെ പ്രമുഖ പേന നിർമ്മാതാക്കളായ റോട്ടോമാക്കിന്റെ ഉടമ വിക്രം കോത്താരിക്ക് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തെ കാണാനില്ല. കാൻപൂർ നഗര മധ്യത്തിലെ ഇദ്ദേഹത്തിന്റെ വസതി അടച്ചിട്ട നിലയിലാണ്. റോട്ടോമാക് പേന നിർമ്മാതാക്കളായ റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരന്റ് കമ്പനിയായ വിക്രം കോത്താരി എന്റർപ്രൈസസിന്റെ പേരിലാണ് വിവിധ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തത്.

യൂണിയൻ ബാങ്കിൽ നിന്ന് 485 കോടിയും അലഹബാദ് ബാങ്കിൽ നിന്ന് 352 കോടിയും വായ്പയായി കൈപ്പറ്റിയ ശേഷം മുങ്ങിയെന്നാണ് വിവരം. ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്തെന്നും റിപ്പോർട്ടുണ്ട്.

അതേസമയം ഇദ്ദേഹത്തിനെതിരായ ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ