ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ലയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. 2019 ഓഗസ്റ്റ് 5 ന് കസ്റ്റഡിയിലെടുത്തതിന് ശേഷം പുറത്തുവരുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ സർക്കാർ റദ്ദാക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഒമറിനെ വീട്ടുതടങ്കലിലാക്കുന്നത്.

പുതിയ ചിത്രത്തിലും താടി വളർത്തിയ രൂപത്തിലാണ് ഒമറിനെ കാണപ്പെടുന്നത്. മുമ്പ് പുറത്ത് വന്ന ഫോട്ടോ, ശൈത്യ കാലത്ത് മഞ്ഞിനിടയിൽ നിൽക്കുന്ന താടിവച്ച രൂപത്തിലുള്ള ഒമർ അബ്‌ദുല്ലയുടേതായിരുന്നു. പക്ഷെ അത് ഒമറിന്റെ തന്നെയാണോ എന്ന് സ്ഥിരീകരണങ്ങളൊന്നും ഇല്ലായിരുന്നു.

omar abdullah, jammu kashmir

ഒമറിനെ തടങ്കലിലാക്കിയത് ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞടക്കം ഗുരുതരമായ ഭരണഘടനാ അവകാശ ലംഘനങ്ങള്‍ നടത്തിയാണ് തന്റെ സഹോദരനെ തടങ്കിലാക്കിയിരിക്കുന്നതെന്നും സാറ അബ്‌ദുള്ള പൈലറ്റ് ആരോപിച്ചിരുന്നു.

ഒമറിനെ കൂടാതെ അദ്ദേഹത്തിന്റെ പിതാവും ലോക്സഭാ എംപിയുമായ ഫാറൂഖ് അബ്‌ദുല്ല, മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി എന്നിവരും തടങ്കലിൽ കഴിയുന്നുണ്ട്. ഇവർക്കെതിരേ പൊതു സുരക്ഷാ നിയവും ചുമത്തിയിട്ടുണ്ട്. ഈ നിയമപ്രകാരം ഒരാളെ വിചാരണയൊന്നും കൂടാതെ രണ്ടു വര്‍ഷം വരെ തടങ്കലിലാക്കാന്‍ സാധിക്കും. ഒമര്‍ അബ്‌ദുല്ലയുടെയും സാറ പൈലറ്റിന്റേയും പിതാവ് ഫാറൂഖ് അബ്‌ദുല്ലയുടെ പേരില്‍ നേരത്തെ തന്നെ പൊതു സുരക്ഷാ നിയമം ചുമത്തിയിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook