പുതുക്കോട്ട: തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ പെരിയാർ പ്രതിമയുടെ തലഭാഗം അജ്ഞാതർ തകർത്തു. പുതുക്കോട്ട ജില്ലയിലെ ആലുങ്കുടി എന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായന്റെ പ്രതിമയുടെ തലഭാഗമാണ് തകർത്തത്.
ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതിന് പിന്നാലെയാണ് രാജ്യത്താകമാനം പല നേതാക്കളുടെയും പ്രതിമകൾക്ക് നേരെ അതിക്രമങ്ങൾ ഉയർന്നത്. ത്രിപുരയിൽ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലേറിയതിന് പിന്നാലെയാണ് ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവർത്തകർ ലെനിന്റെ പ്രതിമ തകർത്തത്.
ഇതിന് പിന്നാലെ തമിഴ്നാട്ടിൽ പെരിയാർ ഇ.വി.രാമസ്വാമിയുടെ പ്രതിമ ആക്രമിക്കപ്പെട്ടിരുന്നു. വെല്ലൂരിൽ മുനിസിപ്പാലിറ്റിക്ക് മുന്നിൽ സ്ഥാപിച്ച പ്രതിമ തകർത്ത സംഭവത്തിൽ ബിജെപി പ്രവർത്തകനും കൂട്ടാളിയും പൊലീസ് പിടിയിലായിരുന്നു.
മുതിർന്ന ബിജെപി നേതാവ് എച്ച്.രാജ ട്വിറ്ററിൽ പെരിയാർ പ്രതിമ തകർക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സംഭവം നടന്നത്. എന്നാൽ എച്ച്.രാജ പിന്നീട് മാപ്പുപറഞ്ഞിരുന്നു. സംഭവം തമിഴ്നാട്ടിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയതിന് പിന്നാലെയായിരുന്നു ആക്രമണം.
വീണ്ടും പ്രതിമ തകർക്കപ്പെട്ടതോടെ ബിജെപിക്കെതിരെ തമിഴ്നാട്ടിൽ കടുത്ത പ്രതിഷേധം ആളിക്കത്തുമെന്ന പ്രതീതിയാണുളളത്.