അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി അക്രമം അവസാനിക്കുന്നില്ല. ഒരു ലെനിന്റെ പ്രതിമ കൂടി തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ദക്ഷിണ ത്രിപുരയിലാണ് സംഭവം. ബെലോണിയയിലെ ലെനിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒരു പ്രതിമ കൂടി തകര്‍ക്കപ്പെട്ടിരിക്കുന്നത്.
സബ്രൂമിലെ മോട്ടോര്‍ സ്റ്റാന്റില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമയാണ് തകര്‍ത്തത്. തിങ്കളാഴ്ച്ചയായിരുന്നു ജെസിബി ഉപയോഗിച്ച് ബെലോണിയയിലെ ലെനിന്റെ പ്രതിമ തകര്‍ത്തത്. ഭാരത് മാതാ കീ ജയ് വിളികളോടെയായിരുന്നു പ്രതിമ തകര്‍ത്തത്. ഇതിനെതിരെ സിപിഎം പ്രതിഷേധ റാലി നടത്തിയിരുന്നു.
അതേസമയം, സിപിഎം വിരോദ്ധികളായ ജനങ്ങളാണ് ആക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് ബിജെപി പറയുന്നത്. അധികാരത്തിലേറിയതിന് പിന്നാലെ ത്രിപുരയില്‍ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ് ബിജെപി. സിപിഎം പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസിനും നേരെ വ്യാപക അക്രമമാണ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നത്.
നേരത്തെ ആക്രമണങ്ങളെ ന്യായീകരിച്ച് ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി രംഗത്തെത്തിയിരുന്നു. ‘ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരിക്കല്‍ ചെയ്ത കാര്യം, ജനാധിപത്യത്തിലൂടെ തന്നെ തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് തിരുത്താം, തിരിച്ചും’ എന്നായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്.
അതേസമയം, അക്രമം തുടരുന്ന ത്രിപുരയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. ബെലോനിയ നഗരത്തില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത് പരാമര്‍ശിച്ചാണ് സിപിഎം രംഗത്ത് വന്നത്.
”ഞങ്ങളുടെ പ്രതിമകള്‍ തകര്‍ക്കാനേ നിങ്ങള്‍ക്കാവൂ, ആവേശം തല്ലിക്കെടുത്താനാകില്ല,” സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.
ത്രിപുരയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കുമതെിരെ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്ട്രറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപിയുടെ സ്വഭാവമാണെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
‘ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപിയുടെ സ്വഭാവമാണ്. ആര്‍എസ്എസിന്റേയും ബിജെപിയുടേയും സ്വഭാവം തന്നെ അതാണ്.’ യെച്ചൂരി പറഞ്ഞു.