ശ്രീനഗര്‍: ഷോപ്പിയാനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ കൗമാരക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മറ്റൊരു സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി 36 മണിക്കൂറിനകമാണ് ഹുസൈഫ് കുട്ടായ് എന്ന 19കാരനേയും ഭീകരര്‍ കൊലപ്പെടുത്തിയത്. സുരക്ഷാ സൈനികരെ സഹായിച്ചെന്ന സംശയത്തിലാണ് കുട്ടികളെ ഭീകരര്‍ കൊലപ്പെടുത്തിയത്. കുല്‍ഗാം ജില്ലയില്‍ നിന്നുളള ഹുസൈഫ് ഒരു കടയില്‍ ജോലി ചെയ്യുകയാണ്. കഴുത്തറുത്ത നിലയിലാണ് ഹുഫൈസിന്റെ മൃതദേഹം കണ്ടെത്തിയത്.

ഭീകരര്‍ തട്ടിക്കൊണ്ടുപോയ അഞ്ച് കുട്ടികളില്‍ ഒരാളായിരുന്നു ഹുസൈഫ്. ഇതില്‍ രണ്ട് പേരെ ഭീകരര്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഹുസൈഫിനൊപ്പം കാണാതായ മറ്റ് രണ്ട് കൗമാരക്കാരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇവര്‍ക്കായി പൊലീസും സൈന്യവും തിരച്ചില്‍ നടത്തുകയാണ്. ഹൈര്‍മൈന്‍ ഗ്രാമത്തിലെ ഒരു തോട്ടത്തില്‍ നിന്നാണ് ഹുഫൈസിന്റെ മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി മറ്റൊരു 17കാരനെ ഭീകരര്‍ സഫാനഗ്രി ഗ്രാമത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. കുട്ടിയെ കൊല്ലുന്നതിന്റെ വീഡിയോ ഭീകരര്‍ സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഹുഫൈസിന്റെ മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള അപലപിച്ച് രംഗത്തെത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഹുഫൈസിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയില്‍ 17കാരനെ വെടിവച്ചാണ് ഭീകരര്‍ കൊലപ്പെടുത്തുന്നത്. കൈ കെട്ടിയിട്ട് നിലത്ത് നിര്‍ത്തിയ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭീകരര്‍ വിളിച്ചതിനെ തുടര്‍ന്നാണ് കുട്ടി പോയതെന്ന് 17കാരന്റെ കുടുംബം പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ധൈര്യപൂര്‍വ്വമാണ് മകന്‍ പോയതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. പൊലീസിന് വിവരം നല്‍കുന്നവരെ ഭീകരര്‍ കശ്മീരില്‍ കൊലപ്പെടുത്തുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്യന്നത് പതിവാണ്. എന്നാല്‍ ആദ്യമായാണ് ഇത്ര ചെറിയ കുട്ടികളെ പിടിച്ചുകൊണ്ടു പോയി കൊലപ്പെടുത്തി വീഡിയോ പ്രചരിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook