അഗര്‍ത്തല: ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് ത്രിപുരയില്‍ കൊല്ലപ്പെടുന്നത്. സംസ്ഥാന റൈഫിള്‍സിലെ ജവാനാണ് സുധീപ് ദത്ത ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നതെന്നാണ് വിവരം. അഗര്‍ത്തലയില്‍ നിന്നും 20 കി.മി. അകലെ ആര്‍കെ നഗറിലാണ് കൊലപാതകം നടന്നത്.

ബംഗാളി പത്രമായ ശ്യാന്തന്‍ പത്രികയിലെ ജീവനക്കാരനായിരുന്നു സുദീപ്. ത്രിപുര സംസ്ഥാന റൈഫിള്‍സ് ഓഫീസില്‍ കമാന്‍ഡന്റിനെ കാണാനെത്തിയതായിരുന്നു അദ്ദേഹമെന്ന് ശ്യാന്തന്‍ പത്രിക എഡിറ്റര്‍ സുബാല്‍ ദേയ് പറഞ്ഞു. എന്നാല്‍ മാധ്യമപ്രവര്‍ത്തകനെ തടഞ്ഞ പബ്ലിക് സര്‍വീസ് ഓഫീസറാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് സുബാല്‍ പറഞ്ഞു.

ത്രിപുര സംസ്ഥാന റൈഫിള്‍സിലെ കോണ്‍സ്റ്റബിളായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 20നാണ് ത്രിപുരയിലെ ദിന്‍രാത് ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ ശന്തനു ഭൗമിക് എന്ന 28 കാരനും കൊല്ലപ്പെട്ടത്. ഇന്റിജിനയസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുര എന്ന ഗോത്രസംഘടനാ പ്രവര്‍ത്തകരും ഭരണപാര്‍ട്ടിയായ സിപിഐഎമ്മിന്റെ ഗോത്രസംഘടനയായ ത്രിപുര രാജേര്‍ ഉപജാതി ഗണമുക്തി പരിഷത് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതനിടെയായിരുന്നു ഭൗമിക്കിന്റെ മരണം. അടിച്ചു ബോധം കെടുത്തിയശേഷം ശന്തനുവിനെ കെട്ടിടത്തിന് പിന്നിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി മൊഴികള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ