ബെംഗളൂരു: രാജ്യത്ത് ഒരു ഐഎഎസ് ഓഫീസര്‍ കൂടി രാജിവച്ചു. രാജ്യത്ത് ജനാധിപത്യം സന്ധി ചെയ്യപ്പെടുന്നു എന്ന ആശങ്ക അറിയിച്ചാണ് രാജി. കര്‍ണാടകയിലെ യുവ ഐഎഎസ് ഓഫീസര്‍ ശശികാന്ത് സെന്തിലാണ് രാജി സമര്‍പ്പിച്ചത്. 2009 ബാച്ച് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. തമിഴ്‌നാട് സ്വദേശിയായ ശശികാന്ത് നിലവില്‍ കന്നഡ ജില്ലയിലെ ഡപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിക്കുകയാണ്.
രാജി വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന് രാജിക്കത്തില്‍ പറയുന്നുണ്ടെങ്കിലും ചില ആശങ്കകള്‍ പ്രകടിപ്പിക്കുന്നതാണ് കത്തിലെ വരികൾ. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ജനാധിപത്യം മുന്‍കാലങ്ങളിലില്ലാത്ത വിധം സന്ധി ചെയ്യപ്പെടുകയാണെന്ന് രാജിക്കത്തില്‍ പറയുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി തുടരുന്നത് അനീതിയാണെന്ന തോന്നലിലാണ് രാജിയെന്ന് ശശികാന്ത് പറയുന്നു.
വരുംനാളുകളില്‍ രാജ്യത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് കൂടുതല്‍ ശക്തമായ രീതിയില്‍ വെല്ലുവിളികള്‍ ഉയരും. എല്ലാവരുടെയും ജീവിതം മെച്ചപ്പെട്ടതാകാനുള്ള തന്റെ സേവനം സിവില്‍ സര്‍വീസിന് പുറത്താകുന്നതാകും നല്ലതെന്ന് കരുതുന്നതായും രാജിക്കത്തില്‍ പറയുന്നു. വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ രാജിയെങ്കിലും സാധാരണ നിലയിലല്ലെന്നും സെന്തില്‍ കത്തില്‍ പറയുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ രാജിവച്ചത് നേരത്തെ വലിയ വാർത്തയായിരുന്നു. അഥിനു പിന്നാലെയാണ് ശശികാന്ത് സെന്തിലിന്റെ രാജി. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണൻ ഗോപിനാഥൻ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറാണ്.
Read Also: ജോലിയല്ല, അഭിപ്രായ സ്വാതന്ത്ര്യമാണ് മുഖ്യം; രാജി വച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ
‘എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. അര ദിവസമെങ്കിൽ അത്രയെങ്കിലും ഞാനായി ജീവിക്കണം. 2019ൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്ത് മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ, ഒരു ജനതയുടെ മുഴുവൻ മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് നാളെ എന്നോട് ചോദിച്ചാൽ, ഞാനെന്റെ ജോലി രാജിവച്ചു എന്നെങ്കിലും മറുപടി നൽകാൻ എനിക്ക് സാധിക്കണം,’ ഇതായിരുന്നു രാജിക്ക് ശേഷമുള്ള കണ്ണൻ ഗോപിനാഥന്റെ പ്രതികരണം.