കാസര്‍കോഡ്: അപൂര്‍വങ്ങളില്‍ അപൂര്‍വമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് കാസര്‍ഗോഡ് ജില്ല. പൂര്‍ണ വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയത്തിന് സാക്ഷികളാകാന്‍ കാസര്‍ഗോഡുകാർക്ക് അവസരം. ഡിസംബര്‍ 26 നാണ് പൂര്‍ണ വലയ സൂര്യഗ്രഹണം. ഇന്ത്യയില്‍ തന്നെ ഇത് ആദ്യം ദൃശ്യമാകുന്നത് കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരിലാണ്. മാത്രമല്ല, പൂര്‍ണ വലയ സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ സാധിക്കുന്ന ലോകത്തിലെ തന്നെ മൂന്ന് സ്ഥലങ്ങളിലൊന്നാണു ചെറുവത്തൂര്‍.
Read Also: Horoscope Today November 20, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
കാസര്‍ഗോഡ് കടക്കോട്ടെ ചെറുവത്തൂരില്‍ പൂര്‍ണ വലയ സൂര്യഗ്രഹണം വ്യക്തമായി കാണാന്‍ എല്ലാവര്‍ക്കും അവസരമൊരുക്കുമെന്ന് കലക്ടര്‍ സജിത് ബാബു അറിയിച്ചു. ഡിസംബര്‍ 26 നു രാവിലെ 8.04 നാണ് പൂര്‍ണ വലയ സൂര്യഗ്രഹണം ആരംഭിക്കുക. 9.25 ഓടെ ഗ്രഹണം പൂര്‍ണതയിലെത്തും. അതിനുശേഷം മൂന്ന് മിനിറ്റും 12 സെക്കന്‍ഡുമാണ് പൂര്‍ണ വലയ സൂര്യ ഗ്രഹണം നടക്കുക. രാവിലെ 9.26 ന് ചന്ദ്രന്‍ സൂര്യന്റെ കേന്ദ്രത്തോട് ഏറ്റവും അടുത്തെത്തുമ്പോഴാണ് പൂര്‍ണ വലയ സൂര്യഗ്രഹണം അതിന്റെ ഉന്നതിയിലെത്തും. ഈ സമയത്താണ് പരമാവധി ഗ്രഹണം സംഭവിക്കുന്നത്. രാവിലെ 11.05 ഓടെ ചന്ദ്രന്‍ സൂര്യന്റെ വശങ്ങളില്‍ നിന്ന് അകലും.
ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലൂടെ ആരംഭിക്കുന്ന ഗ്രഹണം ഇന്ത്യയില്‍ ആദ്യം ദൃശ്യമാവുക ചെറുവത്തൂരിലായിരിക്കും. പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളാല്‍ വളരെ വ്യക്തമായി ഗ്രഹണം ഇവിടെനിന്നു കാണാന്‍ സാധിക്കുമെന്ന് വലയ ഗ്രഹണ നിരീക്ഷണത്തിന് സാങ്കേതിക സൗകര്യമൊരുക്കാന്‍ തയാറായി സ്‌പേസ് ഇന്ത്യ സിഎംഡി സച്ചിന്‍ ബാംബ പറഞ്ഞു.
Read Also: ഇവിടെ വെള്ളമുണ്ട്, വെള്ളത്തിൽ മീനുണ്ട്; കേരളത്തെ രാജ്യമായി പ്രഖ്യാപിച്ച് മിടുക്കൻ, വീഡിയോ
അതേസമയം, നഗ്‌നനേത്രങ്ങൾ കൊണ്ട് ഗ്രഹണം കാണരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേണ്ടത്ര സുരക്ഷയോടെ വേണം ഗ്രഹണം കാണാൻ. നഗ്‌നനേത്രങ്ങൾ കൊണ്ട് നോക്കുന്നത് കാഴ്‌ചശക്തിയെ ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഗ്രഹണം കഴിഞ്ഞ് വലിയ അളവിൽ സൂര്യരശ്മികൾ കണ്ണിലേക്ക് പതിച്ചാൽ അത് കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.