2017 ലെ ആദ്യ സൂര്യഗ്രഹണം ഇന്ന് നടക്കും. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യൻ ഭാഗികമായോ പൂർണ്ണമായോ മറയുന്ന അവസ്ഥയാണ് സൂര്യഗ്രഹണത്തിൽ നടക്കുന്നത്. ഇതുമൂലം സൂര്യൻ അകം പൊളളയായ ഒരു വൃത്തത്തിന്റെ ആകൃതിയിലായിരിക്കും കാണപ്പെടുക. സൂര്യന്റെ ഉൾവശം ചന്ദ്രൻ മറയ്‌ക്കുന്നതിനാൽ പ്രകാശഭരിതമായ ഒരു ചെറിയ വളയം മാത്രമാണ് പുറമേ ദർശിക്കാനാവുക. നഗ്‌ന നേത്രങ്ങൾകൊണ്ട് സൂര്യഗ്രഹണം നോക്കരുതെന്നാണ് വിദഗ്‌ദർ നിർദേശിക്കുന്നത്.

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണമാണ് ഇന്നത്തേത്. ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്. എന്നാൽ ഇവയിൽ ചുരുക്കം ചിലത് മാത്രമാണ് ഇന്ന് കാണുന്നത് പോലെ പൂർണ സൂര്യഗ്രഹണം ആകാറുളളത്. ഇന്ത്യയിൽ നിന്ന് ഇന്നത്തെ സൂര്യഗ്രഹണം കാണാനാവില്ല. തെക്കേ ആഫ്രിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, പെസഫിക് സമുദ്രം, അറ്റ്‌ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലും അന്റാർട്ടിക്കയിലുമാണ് ഇവ ഇന്ന് കാണാൻ സാധിക്കുക.

ഇന്ത്യൻ സമയം വൈകിട്ട് 5.30ന് ശേഷമായിരിക്കും സൂര്യഗ്രഹണം നടക്കുക എന്നാണ് സൂചന. ചന്ദ്രനും സൂര്യനും തമ്മിലുളള​ ദൂരം വിദൂരത്താകുന്നതു വരെ ഏകദേശം 60 ദശലക്ഷം വർഷങ്ങളോളം ഈ പ്രതിഭാസം നടക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

സമ്പൂർണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈർഘ്യം 7 മിനിറ്റ് 31സെക്കന്റ് ആണെങ്കിലും ഇത്രയും സമയം ദൃശ്യമാകാൻ സാധ്യത വിരളമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് ഇതിനു മുൻപ് പൂർണ സൂര്യഗ്രഹണം നടന്നത്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം നടന്നത് 2009 ജൂലൈ 22നാണ്. 6 മിനിറ്റ് 39 സെക്കന്റാണ്‌ അന്ന് ഇത് ദൃശ്യമായത്. കഴിഞ്ഞ ഫെബ്രുവരി 11ന് ഭൂമിയിൽ ചന്ദ്രഗ്രഹണവും നടന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook