ന്യൂഡല്‍ഹി: 100 വര്‍ഷം മുന്‍പ് രാജ്യത്ത് നിന്ന് മോഷണം പോയ അന്നപൂർണ്ണ ദേവിയുടെ വിഗ്രഹം കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഉത്തർപ്രദേശ് സർക്കാരിന് ഔദ്യോഗികമായി കൈമാറി. നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ടിൽ വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് കൈമാറ്റം നടന്നത്. അടുത്തിടെയാണ് വിഗ്രഹം കാനഡയിൽ നിന്ന് കൊണ്ടുവന്നത്. വിഗ്രഹം നവംബർ 15-ാം തീയതി വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ സ്ഥാപിക്കും.
ജി. കിഷൻ റെഡ്ഡി, ഹർദീപ് സിംഗ് പുരി, സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ, ജനറൽ വി. കെ. സിങ്, അനുപ്രിയ പട്ടേൽ, അർജുൻ റാം മേഘ്‌വാൾ, മീനാക്ഷി ലേഖി തുടങ്ങി നിരവധി മന്ത്രിമാരും ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമത്തിന്റെ ഫലമായാണ് 100 വർഷം മുമ്പ് മോഷണം പോയ അന്നപൂർണ ദേവിയുടെ വിഗ്രഹം ഒടുവിൽ ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് കിഷന്‍ റെഡ്ഡി പറഞ്ഞു. “മറ്റ് സംസ്ഥാനങ്ങളിലെ പുരാവസ്തുക്കൾ അതത് സർക്കാരുകൾക്ക് തിരികെ നൽകും. രണ്ട് വിഗ്രഹങ്ങൾ തമിഴ്‌നാട്ടിലേക്കും ഒന്ന് വീതം ആന്ധ്രാപ്രദേശിലേക്കും രാജസ്ഥാനിലേക്കും അയക്കും,” കിഷന്‍ റെഡ്ഡി അറിയിച്ചു.
ഒക്ടോബർ 15-ാം തീയതിയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എഎസ്ഐ) വിഗ്രഹം ലഭിച്ചത്. നവംബർ 11-ാം തീയതി ഡൽഹിയിൽ നിന്ന് അലിഗഡിലേക്ക് വിഗ്രഹം കൊണ്ടുപോകും. അവിടെ നിന്ന് നവംബർ പന്ത്രണ്ടിന് കനൗജിലേക്കും നവംബർ പതിനാലിന് അയോധ്യയിലേക്കും അവസാനം നവംബർ പതിനഞ്ചിന് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ സ്ഥാപിക്കും.
ഏകദേശം 100 വർഷം മുമ്പ് വാരണാസിയിലെ ഒരു ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട വിഗ്രഹം രാജ്യത്തിന് പുറത്തേക്ക് കടത്തുകയായിരുന്നെന്നാണ് വിവരം. ആഹാരത്തിന്റെ ദേവതയായാണ് അന്നപൂര്‍ണ്ണ അറിയപ്പെടുന്നത്. ബനാറസ് ശൈലിയിലാണ് വിഗ്രഹത്തിന്റെ നിര്‍മാണം.
2020 ഡിസംബറില്‍ വിഗ്രഹം ഡല്‍ഹിയിലെത്തേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം മൂലം ഇത് നീണ്ടു പോയി. സമഗ്രമായ പരിശോധനയും ഡോക്യുമെന്റേഷനും നടത്തിയതിന് ശേഷമാണ് വിഗ്രഹത്തിന്റെ കൈമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്. വിഗ്രഹം ക്ഷേത്രത്തിന്റെ ട്രസ്റ്റിമാർക്ക് തിരികെ നൽകുന്നതിന് മുമ്പ് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ എഎസ്‌ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളിൽ നിന്ന് 40 പുരാവസ്തുക്കൾ വീണ്ടെടുക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. എഎസ്‌ഐയുടെ രേഖകൾ പ്രകാരം 1976-2014 കാലഘട്ടത്തില്‍ 13 പുരാതന വസ്തുക്കള്‍ മാത്രമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്. നഷ്ടപ്പെട്ട 80 ഓളം പുരാതന വസ്തുക്കള്‍ തിരികെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.