ന്യൂഡല്‍ഹി: ഡിസംബര്‍ 20 മുതല്‍ മൗനവ്രതമിരിക്കുമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് മൗനവ്രതമെന്നും ഹസാരെ പറയുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസാരെ കഴിഞ്ഞ ദിവസം കത്തയച്ചു.

നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വേഗം ശിക്ഷ നടപ്പിലാക്കണമെന്നും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് മൗനവ്രതമിരിക്കുന്നതെന്ന് അണ്ണാ ഹസാരെ വ്യക്തമാക്കി.

Read Also: പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച് കൈ ഉയര്‍ത്തിയവരില്‍ ശിവസേന അംഗങ്ങളും

“നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ ഉടന്‍ നടപ്പിലാക്കണം. അവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 2012 ലാണ് പീഡനം നടന്നത്. ഇത്ര വര്‍ഷമായിട്ടും ഉചിതമായ ശിക്ഷാ നടപടി സ്വീകരിച്ചിട്ടില്ല. ശിക്ഷ വൈകുന്നതുകൊണ്ടാണ് ജനങ്ങള്‍ ഹൈദരാബാദ് വെടിവയ്‌പിനെ പിന്തുണക്കുന്നത്.” പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അണ്ണാ ഹസാരെ പറയുന്നു.

“ഇരകളാകുന്നവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതില്‍ രാജ്യത്തെ ജനങ്ങള്‍ അസ്വസ്ഥരാണ്. അതുകൊണ്ടാണ് ഏറ്റുമുട്ടല്‍ കൊലകളെ ജനങ്ങള്‍ പിന്തുണയ്ക്കുന്നത്. ഇന്ത്യന്‍ ജുഡീഷ്യല്‍ സിസ്റ്റത്തില്‍ ആശങ്കയുണ്ടാക്കുന്നതാണ് ഇത്. പ്രതികള്‍ക്ക് ശിക്ഷ വൈകുന്നത് ജനാധിപത്യ രാജ്യത്തിന് ചേരുന്നതല്ല. ഡിസംബര്‍ 20 മുതല്‍ ഞാന്‍ മൗനവ്രതം ആരംഭിക്കും. ഉപവാസ സമരം നടത്തും.” അണ്ണാ ഹസാരെ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook