ന്യൂഡെല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍ വേണ്ടെന്നും ബാലറ്റ് പേപ്പര്‍ മതിയെന്നുമുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അഭിപ്രായത്തിനെതിരെ അണ്ണാ ഹസാരെ രംഗത്ത്. ലോകം മുഴുവന്‍ മാറി കൊണ്ടിരിക്കുന്ന ഈ സമയത്ത് നമ്മളെന്തിനാണ് ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ടൈംസ് നൗവിന് അനുവദിച്ച അഭിമുഖത്തിലാണ് അണ്ണാ ഹസാരെയുടെ അഭിപ്രായ പ്രകടനം. ശാസ്ത്രവും സാങ്കേതിക വിദ്യയും വികസിച്ചുകൊണ്ടിരിക്കുകയാണ്. ലോകം വികസിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നമ്മള്‍ ബാലറ്റ് പേപ്പറിനെക്കുറിച്ച് സംസാരിക്കുന്നു. ഇത് തിരിച്ചുപോക്കാണെന്നും അണ്ണാ ഹസാരെ പറഞ്ഞു. 1999 ലാണ് ആദ്യമായി വോട്ടിങ് മെഷീന്‍ വരുന്നത്. 2003 ല്‍ പൂര്‍ണമായും വോട്ടെടുപ്പ് വോട്ടിങ് മെഷീനിലായി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ദയനീയ പ്രകടനം വിലയിരുത്തവെയാണ് കേജ്രിവാള്‍ വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുനഃപരിശോധിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് ഇട്ട് നിങ്ങള്‍ പരിഹസിക്കുമെന്ന് അറിയാം. എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്താനാകുമെങ്കില്‍ അത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അവസാനമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. കൃത്രിമം നടത്താന്‍ സാധിക്കുന്നത് കൊണ്ട് വിദേശ രാജ്യങ്ങളിലൊക്കെ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ നിരോധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ് നടത്തണം. നിലവിലെ സ്ഥിതി തുടരാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ