ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരവുമായി രംഗത്ത്. അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ ബില്‍ നടപ്പിലാക്കണമെന്നാണ് ഹസാരെയുടെ ആവശ്യം.

ഏഴുവര്‍ഷം മുമ്പ് ഹസാരെ നടത്തിയ നിരാഹാര സമരത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ അംഗീകരിച്ചത്. എന്നാല്‍ ഇത് നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം വീണ്ടും സമരവുമായി രംഗത്തെത്തിയത്.

രാംലീല മൈതാനത്തു തന്നെയാണ് ഇത്തവണയും ഹസാരെ നിരാഹാര സമരം നടത്തുന്നത്. ”കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മോദി സര്‍ക്കാരിന് ഞാന്‍ 43 കത്തുകളയച്ചു പക്ഷെ ഒരു മറുപടി പോലും ലഭിച്ചില്ല.” ഹസാരെ പറയുന്നു. രാജ്യത്തെ കര്‍ഷകര്‍ മതിയായ പ്രതിഫലം ലഭിക്കാതെ വലയുകയാണെന്നും എന്നാല്‍ അതിന് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ മുതിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

2011 ലായിരുന്നു രംലീല മൈതാനിയില്‍ ഹസാരെയുടെ ഐതിഹാസികമായ നിരാഹാരം നടന്നത്. അതേ വേദിയില്‍ വീണ്ടും സത്യാഗ്രഹവുമായെത്തുമ്പോള്‍ ചര്‍ച്ചയ്ക്കുള്ള വാതില്‍ സര്‍ക്കാരിന് മുന്നില്‍ എപ്പോഴും തുറന്നു കിടക്കുമെന്ന് പറഞ്ഞ ഹസാരെ എന്നാല്‍ കൃത്യമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് വരുന്നതുവരെ സമരം അവസാനിക്കില്ലെന്നും വ്യക്തമാക്കി.

നേരത്തെ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് അണ്ണാ ഹസാരെയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ നിങ്ങളെ ഇനി വിശ്വസിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹസാരെയുടെ മറുപടി. നല്‍കിയ ഒരു വാഗ്ദാനം പോലും പാലിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും അതുകൊണ്ട് വ്യക്തമായ ആക്ഷന്‍ പ്ലാനുമായി വരൂ എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ലോക്പാല്‍ നടപ്പിലാകുന്നത് വൈകുന്നതില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അണ്ണാ ഹസാരെ ആഞ്ഞടിച്ചിരുന്നു. മോദിയ്ക്ക് ലോക്പാല്‍ നടപ്പിലാക്കുന്നതില്‍ താല്‍പര്യമില്ലെന്നും ബില്ല് നടപ്പിലായാല്‍ പ്രധാനമന്ത്രിയുടേയതടക്കം പല മന്ത്രിമാരുടേയും ഓഫീസുകളില്‍ നടക്കുന്ന അഴിമതികള്‍ പുറത്തു വരുമെന്ന് ഭയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ