മുംബൈ: ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉറപ്പു നല്കിയ സാഹചര്യത്തില്‍ അഴിമതിക്കെതിരായി അണ്ണാ ഹസാരെ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ലോക്പാല്‍-ലോകായുക്ത നിയമങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു അണ്ണാ ഹസാരെ സമരം നടത്തിയിരുന്നത്. ലോക്പാല്‍-ലോകായുക്ത നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്നു ചര്‍ച്ചയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍സിങ് എന്നിവർ ഉറപ്പ് നല്കി.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ താന്‍ സന്തോഷവാനാണെന്നും അതിനാല്‍ സമരം അവസാനിപ്പിക്കുന്നുവെന്നും അണ്ണാ ഹസാരെ പറഞ്ഞു. ലോക്പാല്‍ നടപ്പാക്കാനാണ് ആവശ്യപ്പെട്ടത്, ഫെബ്രുവരി 13ന് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുമെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി.
ലോകായുക്തയുടെ കാര്യത്തില്‍ ജോയിന്റ് കമ്മിറ്റി രൂപീകരിക്കുകയും നിയമനിര്‍മ്മാണം നടത്തുമെന്നും അണ്ണാ ഹസാരെ പറഞ്ഞു. ലോക്പാല്‍ നിയമനത്തിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഫഡ്നാവിസ് ഉറപ്പ് നല്‍കിയതായി അണ്ണാ ഹസാരെ വ്യക്തമാക്കി.
ജനുവരി 30നാണ് തന്റെ ജന്മദേശമായ റാലെഗാന്‍ സിദ്ധിയില്‍ ഹസാരെ നിരാഹാര സമരം ആരംഭിച്ചത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും അതിന് ഉത്തരവാദിയെന്ന് അണ്ണാ ഹസാരെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതോടൊപ്പം പത്മഭൂഷണ്‍ രാഷ്ട്രപതിക്ക് തിരികെ നല്‍കാനും ഹസാരെ ഒരുങ്ങിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടാനായി ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും മോദി സര്‍ക്കാര്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും രാജ്യത്തെ ഏകാധിപത്യത്തിലേക്ക് തള്ളിവിടുകയാണെന്നും അണ്ണാ ഹസാരെ ആരോപിച്ചു.