ന്യൂഡല്‍ഹി: മുന്‍ സുരക്ഷാ ജീവനക്കാരന്റേയും അംഗന്‍വാടി ജീവനക്കാരിയുടേയും മകളായായരുന്നു അവള്. 12-ാം ക്ലാസ് പൂര്‍ത്തിയാക്കിയ അവള്‍ക്ക് ഉപരിപഠനം നടത്തണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തന്റെ പിതാവിന് ജോലി നഷ്ടപ്പെട്ടതോടെ കഴിഞ്ഞ മാസം റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റ് ജോലി അവള് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യ മാസത്തെ ശമ്പളം വാങ്ങാനുള്ള ആയുസ് അവള്‍ക്കുണ്ടായില്ല.
19-കാരിയായ അങ്കിത ഭണ്ഡാരിയുടെ ജീവിതം ഇങ്ങനെയായിരുന്നു.
ഉത്തരാഖണ്ഡിലെ ലക്ഷ്മണ് ജൂലയിലുള്ള വനാന്തര റിസോര്‍ട്ടില്‍ നിന്ന് ആറ് ദിവസം മുന്‍പ് കാണാതായ അങ്കിതയുടെ മൃതദേഹം ഇന്നലെ കനാലില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
മുന്‍ മന്ത്രി വിനോദ് ആര്യയുടെ മകനും റിസോര്‍ട്ടിന്റെ ഉടമയുമായി പുല്‍കിത് ആര്യയെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വഴക്കിനെതുടര്‍ന്ന് അങ്കിതയെ കനാലിലേക്ക് തള്ളിയിട്ടതായി പുല്‍കിത് സമ്മതിച്ചിട്ടുണ്ട്. റിസോര്‍ട്ടിന്റെ മാനേജര്‍ സൗരഭ് ഭാസ്കറും പൊലീസ് കസ്റ്റഡിയിലാണ്.
റിസോര്‍ട്ടിലെത്തിയവര്‍ക്ക് ‘പ്രത്യേക സേവനം’ നല്‍കണമെന്ന് ആവശ്യപ്പെട്ട് പുല്‍കിതും കൂട്ടരും അങ്കിതയെ നിര്‍ബന്ധിച്ചിരുന്നു. അങ്കിത ഇത് എതിര്‍ത്തതോടെയാണ് കൊലപാതകത്തിലേക്കെത്തിയതെന്ന് ഉത്തരാഖണ്ഡ് ഡിജിബി അശോക് കുമാര്‍ സണ്‍ഡെ എക്സ്പ്രസിനോട് പറഞ്ഞു.
ഓഗസ്റ്റ് 28-നാണ് അങ്കിത റിസോര്‍ട്ടിലെ ജോലിയില്‍ പ്രവേശിച്ചത്. വീട്ടില്‍ നിന്ന് ഏകദേശം 130 കിലോ മീറ്റര്‍ അകലെയാണ് റിസോര്‍ട്ട്.
“കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ട് അവള്‍ക്ക് പഠനം ഉപേക്ഷിച്ച് ജോലി ചെയ്യേണ്ടതായി വന്നു. ചൗരാസ് ഡാമിലെ സുരക്ഷാ ജീവനക്കാരനായിരുന്നു അങ്കിതയുടെ പിതാവ് വീരേന്ദ്ര ഭണ്ഡാരി. എന്നാല്‍ ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. അംഗന്‍വാടി ജീവനക്കാരിയായ മാതാവ് സോനി ഭണ്ഡാരിയാണ് കുടുംബത്തിന്റെ ഏക വരുമാനശ്രോതസ്. അവളുടെ മൂത്ത സഹോദരന് സച്ചിന് ഡല്‍ഹിയില്‍ പഠിക്കുകയാണ്”, വിരേന്ദ്രയുടെ ജേഷ്ഠന്റെ ഭാര്യ ലീലാവതി പറഞ്ഞു.
“കുടുംബസാഹചര്യം വളരെ മോശമായിരുന്നു. എങ്ങനെയാണ് അവള്‍ക്ക് ജോലി ലഭിച്ചതെന്ന് അറിയില്ല. പക്ഷെ ഓഗസ്റ്റ് 28 ന് അവളെ കൊണ്ടുപോകാന്‍ റിസോര്‍ട്ടില്‍ നിന്ന് ഒരു കാര്‍ എത്തിയിരുന്നു. റിസോര്‍ട്ടില്‍ അവള്‍ക്ക് താമസിക്കാന്‍ മുറിയും അവര്‍ നല്കി. 10,000 രൂപയായിരുന്നു ശമ്പളം. ആദ്യ ശമ്പളം ലഭിക്കുന്നതിന് മുന്‍പ് അവളെ ഇല്ലാതാക്കുമെന്ന് കരുതിയില്ല,” ലീലാവതി കൂട്ടിച്ചേര്‍ത്തു.
“പഠിക്കാന്‍ അവള്‍ക്ക് വലിയ താത്പര്യമായിരുന്നു. പഠനം ഉപേക്ഷിക്കേണ്ടി വന്നതില്‍ അവള്‍ക്ക് നിരാശയും ഉണ്ടായിരുന്നു. അവളുടെ ജോലിയില്‍ നല്ലൊരു ഭാവി ഉണ്ടാകുമെന്നാണ് ഞങ്ങള്‍ കരുതിയത്. അവള് പോയതിന് ഏതാനം ദിവസങ്ങള്‍ക്ക് ശേഷം സോനിയെ ഞാന്‍ കണ്ടിരുന്നു. അങ്കിത അസ്വസ്ഥയാണെന്നും പഴയതുപൊലെയല്ല പെരുമാറ്റമെന്നും സോനി പറഞ്ഞു. പക്ഷെ അന്ന് ഞങ്ങള്‍ അത് കാര്യമാക്കിയില്ല. അങ്ങനെ നിസാരവത്കരിക്കരുതായിരുന്നു,” ലീലാവതി വിതുമ്പി.
അങ്കിതയുടെ സുഹൃത്തുമായുള്ള വാട്ട്സ്ആപ്പ് ചാറ്റ് നിര്‍ണായക തെളിവായി ലഭിച്ചെന്നും ഡിജിപി അറിയിച്ചു. ചാറ്റില്‍ പതിനായിരം രൂപയ്ക്ക് അതിഥികള്‍ക്ക് ‘പ്രത്യേക സേവനം’ നല്‍കണമെന്ന് പറഞ്ഞ് നിര്‍ബന്ധിക്കുന്നതായി അങ്കിത പറയുന്നുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
റിസോര്‍ട്ടിന്റെ നിര്‍മ്മാണം നിയമവിരുദ്ധമായതിനാല്‍ പൊളിച്ച് നീക്കിയിട്ടുണ്ട്. അങ്കിതയുടെ കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തേയും നിയമിച്ചു. പുല്‍കിതിന്റെ പിതാവിനേയും ജേഷ്ഠന് അങ്കിത് ആര്യയേയും പാര്‍ട്ടിയില്‍ നിന്ന് ഭരണകക്ഷിയായ ബിജെപി പുറത്താക്കുകയും ചെയ്തു.
അങ്കിതയുടെ മൃതദേഹം കനാലില്‍ നിന്ന് ലഭിച്ചതിന് പിന്നാലെ നാട്ടുകാര്‍ റിസോര്‍ട്ടിന് തീയിട്ടിരുന്നു.