ന്യൂഡൽഹി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് രാജ്യസഭാംഗത്വം നൽകിയ നടപടി വിവാദമായതിനു പിന്നാലെ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ സഹോദരൻ അഞ്ജൻ ഗൊഗോയിക്ക് അധികാര പദവി നൽകിയ കേന്ദ്ര നടപടിയും ചർച്ചയാകുന്നു. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ മൂത്ത സഹോദരൻ അഞ്ജൻ ഗൊഗോയിക്ക് സഹമന്ത്രിക്ക് തുല്യമായ പദവിയാണ് നൽകിയിരിക്കുന്നത്. അഞ്ജൻ ഗൊഗോയിക്ക് രണ്ട് മാസം മുൻപാണ് പദവി നൽകിയതെന്ന് ‘ദ വയർ’  റിപ്പോർട്ട് ചെയ്യുന്നു.

അഞ്ജൻ ഗൊഗോയിയെ സഹമന്ത്രിക്ക് തുല്യമായ പദവിയിലേക്ക് നാമനിർദേശം ചെയ്‌തത് രാഷ്ട്രപതി ഭവനാണ്. റിട്ട.എയർ മാർഷൽ ആണ് അഞ്ജൻ ഗൊഗോയ്. വടക്കു കിഴക്കൻ മേഖലാ മന്ത്രാലയത്തിന്റെ കീഴിലുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുള്ള നോഡല്‍ ഏജന്‍സിയായ എന്‍ഇസിയിലെ (നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍) മുഴുവന്‍ സമയ അംഗമായിട്ടാണ് അഞ്ജന്‍ ഗൊഗോയിയെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. എൻഇസി ചരിത്രത്തിൽ ആദ്യമായിട്ടാണ് വിരമിച്ച ഒരു പ്രതിരോധ ഉദ്യോഗസ്ഥനെ രാഷ്‌ട്രപതി നോമിനേറ്റ് ചെയ്യുന്നത്. 2013 ഫെബ്രുവരി 28 നാണ് അഞ്ജൻ ഗൊഗോയ് വിരമിച്ചത്.

Read Also: Covid-19: യു എ ഇയില്‍ നിന്നും നാട്ടിലെത്തിയവര്‍ക്ക് വിസയുണ്ടെങ്കിലും ഇനി രണ്ടാഴ്ചത്തേക്ക് മടങ്ങി പോകാന്‍ സാധ്യമല്ല

നേരത്തെ, ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്‌ത നടപടിയെ ചോദ്യം ചെയ്‌ത് നിരവധി പേർ രംഗത്തെത്തിയിരുന്നു. മുൻ ജഡ്‌ജിമാരായ ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് മർക്കണ്ഡേയ കട്‌ജു, ജസ്റ്റിസ് മദൻ ബി.ലോക്കൂർ എന്നിവർ ഗൊഗോയിയുടെ രാജ്യസഭാംഗത്വത്തെ വിമർശിച്ചിരുന്നു. സാധാരണ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തിനു കോട്ടം തട്ടുന്നതും ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയ്‌ക്ക് ഇളക്കം ഉണ്ടാക്കുന്നതുമാണ് ഇതെന്നും കുര്യൻ ജോസഫ് കുറ്റപ്പെടുത്തിയിരുന്നു. മുൻ ചീഫ് ജസ്റ്റിസ് രാജ്യസഭയിലേക്ക് എത്തുന്ന കാര്യം അറിഞ്ഞപ്പോൾ ആശ്ചര്യം തോന്നിയതായും ജുഡീഷ്യറിയുടെ അടിസ്ഥാന തത്വങ്ങളിലുള്ള വിട്ടുവീഴ്‌ചയാണിതെന്നും കുര്യൻ ജോസഫ് പറഞ്ഞു.

Read Also: Covid-19: യു എ ഇയില്‍ നിന്നും നാട്ടിലെത്തിയവര്‍ക്ക് വിസയുണ്ടെങ്കിലും ഇനി രണ്ടാഴ്ചത്തേക്ക് മടങ്ങി പോകാന്‍ സാധ്യമല്ല

20 വർഷം അഭിഭാഷകനായും 20 വർഷം ജഡ്‌ജിയായും താൻ സേവനം അനുഷ്‌ഠിച്ചു. നല്ലവരെന്നും മോശം ആളുകളെന്നും പേരെടുത്ത നിരവധി ജഡ്‌ജിമാരേയും അറിയാം. പക്ഷേ രഞ്ജൻ ഗൊഗോയെ പോലെ ലൈംഗിക വൈകൃതമുള്ള, നാണംകെട്ട ഒരാളെ ഇന്ത്യൻ ജുഡീഷ്യറിയിൽ വേറെ കണ്ടിട്ടില്ലെന്ന് ജസ്റ്റിസ് കട്‌ജു വിമർശിച്ചു. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് അധികാര പദവി ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും എന്നാൽ, ഇത്രക്ക് വേഗം വേണമായിരുന്നോ ഇതെന്നും ജസ്റ്റിസ് മദൻ ബി.ലോക്കൂറും പരിഹസിച്ചു.

അതേസമയം, രഞ്ജൻ ഗൊഗോയ് ഇന്നു രാവിലെ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ച് സഭയിൽ നിന്നു ഇറങ്ങിപ്പോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook