ന്യൂഡല്‍ഹി: തലയോട്ടിയുടെ അറ തുറന്നിരുന്നു, അടിഭാഗത്ത് പൊട്ടല്‍, നെഞ്ചിന്റെ പിന്‍ഭാഗത്ത് നിന്ന് വാരിയെല്ലുകള്‍ പുറത്തു വന്നു – ഡല്‍ഹിയില്‍ മരണപ്പെട്ട ഇരുപതുകാരിയായ അഞ്ജലി സിങ്ങിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് മനസിലാക്കിയ ചില കാര്യങ്ങളാണിത്. തല, നട്ടെല്ല്, തുടയെല്ല്, കൈകാലുകള്‍ എന്നിവയ്ക്ക് സംഭവിച്ച ഗുരുതര പരുക്കുമൂലമുണ്ടായ രക്തസ്രാവമാണ് മരണകാരണമായി പോസ്റ്റുമോർട്ടം നടത്തിയ മൗലാന ആസാദ് മെഡിക്കൽ കോളേജിലെ മൂന്ന് ഡോക്ടർമാരുടെ പാനല്‍ പറയുന്നത്.
“എല്ലാ പരുക്കുകളും ഒന്നിച്ച് മരണത്തിന് കാരണമായേക്കാം. എന്നിരുന്നാലും തല, നട്ടെല്ല് എന്നിവയ്ക്കേറ്റ പരുക്കുകള്‍ മാത്രമായും മരണത്തിലേക്ക് നയിച്ചേക്കും. വാഹനാപകടത്തിന് ശേഷം വലിച്ചിഴയ്ക്കപ്പെടുന്നതിലൂടെ വരാന്‍ സാധ്യതയുള്ള പരുക്കുകളാണ് എല്ലാം. ശാസ്ത്രീയ പരിശോധനകളുടെ ഫലങ്ങള്‍ വന്നാല്‍ മാത്രമേ യാഥാര്‍ത്ഥ കാരണം തെളിയുകയുള്ളൂ,” റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെയാണ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഞ്ജലി മരണപ്പെടുന്നത്. ഒരു ബലേനൊ കാര്‍ സ്കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിനടിയില്‍ കുടുങ്ങിയ അഞ്ജലി 10 കിലോ മീറ്ററോളം റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു. അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. ശരീരത്തിന്റെ പുറം ഭാഗത്ത് ഗുരുതര പരുക്കുകളുമുണ്ടായിരുന്നു.
നാല്പത് ബാഹ്യ പരുക്കുകളാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു, കൂടുതലും മുറിവുകളാണ്. ലൈംഗിക പീഡനത്തിന് ഇരയായതായി സൂചിപ്പിക്കുന്ന പരുക്കുകളൊന്നും അഞ്ജലിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.
“ഇരയായ സ്ത്രീയുടെ പോസ്റ്റുമോർട്ടം ജനുവരി രണ്ടിന് നടത്തി. ലൈംഗികാതിക്രമത്തിന് കാരണമായ പരുക്കുകളൊന്നും ഇല്ലെന്നാണ് റിപ്പോർട്ടില്‍ നിന്ന് മനസിലാകുന്നുത്. ചില മുറിവുകൾ അവ്യക്തമായിരുന്നു. കാരണം, ഉരച്ചിലുണ്ടായതിനാല് പൊള്ളലേറ്റതുപോലെയായിരുന്നു ശരീരത്തിന്റെ ഭാഗങ്ങള്‍,” സ്പെഷ്യൽ സിപി (ലോ ആൻഡ് ഓർഡർ സോൺ രണ്ട്) സാഗർപ്രീത് ഹൂഡ പറഞ്ഞു.