ന്യൂഡല്‍ഹി: കഞ്ജവാലയില്‍ അഞ്ജലി സിങ്ങിന്റെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ നിര്‍ണായക വഴിത്തിരിവ്. കാര്‍ ഓടിച്ചതിന് പിടിയിലായ ദീപക് ഖന്ന അപകടസമയത്ത് വാഹനത്തിനുള്ളില്‍ ഇല്ലായിരുന്നെന്ന് പൊലീസ് കണ്ടെത്തല്‍. സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെട്ട പ്രകാരമാണ് ലൈസന്‍സുള്ള ഏക വ്യക്തിയായതിനാല്‍ കാറോടിച്ചത് താനാണെന്ന് സമ്മതിച്ചതെന്ന് ദീപക് പൊലീസിനോട് പറഞ്ഞു.
കേസില്‍ ഉള്‍പ്പെട്ട മറ്റ് നാല് പേരുടേയും ദീപക്കിന്റേയും ഫോണ്‍ ലൊക്കേഷന്‍ വ്യത്യസ്മമായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോണിന്റെ ലൊക്കേഷനും കോള്‍ ലിസ്റ്റും പരിശോധിച്ചപ്പോള്‍ ദിവസം മുഴുവനും ദീപക് വീട്ടിലുണ്ടായിരുന്നതായി മനസിലായി.
പ്രതികളെ ചോദ്യം ചെയ്തപ്പോൾ അമിത് ഖന്നയാണ് കാർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയതായി സ്‌പെഷ്യൽ പോലീസ് കമ്മീഷണർ (ലോ ആൻഡ് ഓർഡർ) സാഗർ പ്രീത് ഹൂഡ പറഞ്ഞു. ഇത് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ഹൂഡ കൂട്ടിച്ചേര്‍ത്തു.
“അപകടത്തിന് ശേഷം അമിത് തന്റെ സഹോദരന്‍ അങ്കുഷ് ഖന്നയോട് ഈ വിവരം പറഞ്ഞിരുന്നു. അങ്കുഷാണ് ബന്ധുവായ ദീപക്കിനെ ബന്ധപ്പെടാനും കുറ്റമേല്‍ക്കാന്‍ പറയാനും നിര്‍ദേശിച്ചത്. അങ്കുഷിനായും അഷുതോഷ് എന്ന മറ്റൊരാള്‍ക്കുമായി തിരച്ചില്‍ നടത്തുകയാണ്. ഇവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്,” ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
“ചോദ്യം ചെയ്യലില്‍ പ്രതികള്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാര്‍ ഓടിച്ചിരുന്നത് ആരാണെന്ന് വ്യക്തമായില്ല. ദീപക്കിന്റെ ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ വീട്ടിലായിരുന്നതായി മനസിലായി. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ദീപക് ഇക്കാര്യം സമ്മതിച്ചു,” ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
നോയിഡയില്‍ ജോലി ചെയ്യുന്ന അഷുതോഷിന് മൃതദേഹത്തെക്കുറിച്ച് അറിയാമായിരുന്നെന്നും ഡ്രൈവറാരാണെന്നതില്‍ നുണ പറഞ്ഞതായും ഹൂഡ അറിയിച്ചു. ലോകേഷ് എന്ന വ്യക്തിയാണ് എഫ്ഐആറില്‍ പറയും പ്രകാരം വാഹനത്തിന്റെ ഉടമ. തന്റെ ഭാര്യ സഹോദരനായ അഷുതോഷിന്റെ കയ്യിലായിരുന്നു കാറെന്ന് ലോകേഷാണ് മൊഴി നല്‍കിയത്.
ദീപക്കിനും അമിതിനും കാര്‍ നല്‍കിയെന്നാണ് അഷുതോഷ് പറഞ്ഞത്.
ഉത്തം നഗറിലെ ബാങ്കിൽ ജോലി ചെയ്യുന്ന അമിത് ഖന്ന (25), കൊണാട്ട് പ്ലേസിലെ സ്പാനിഷ് കൾച്ചർ സെന്ററിൽ ജോലി ചെയ്തിരുന്ന കൃഷൻ (27), സലൂണില്‍ ജോലി ചെയ്യുന്ന മിഥുൻ (26), സുൽത്താൻപുരിയിലെ ബിജെപി പ്രവർത്തകൻ മനോജ് മിത്തൽ (27) എന്നിവരാണ് പുതുവത്സരം ഒന്നിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചത്.
ആറ് മണിയോടെ വീട് വിട്ടിറങ്ങിയ ഇവര്‍ നേരെ പോയത് മിത്തലിന്റെ അടുത്തേക്കായിരുന്നു. അവിടെ വച്ച് മദ്യപിച്ച സംഘം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പുലര്‍ച്ചെ 1.40-നും രണ്ടിനുമിടയിലാണ് അപകടം സംഭവിച്ചത്. അഞ്ജലി സഞ്ചരിച്ച ജൂപിറ്റര്‍ സ്കൂട്ടറിനിട്ട് മദ്യപസംഘത്തിന്റെ ബലേനൊ കാര്‍ വന്ന് ഇടിക്കുകയായിരുന്നു.
അപകടം നടന്ന ഉടന്‍ തന്നെ സ്ഥലം വിടാനുള്ള ശ്രമത്തിനിടയില്‍ അഞ്ജലി കാറിനടിയില്‍പ്പെട്ടത് പ്രതികള്‍ അറിഞ്ഞിരുന്നില്ലെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. മൂന്ന് മണിയോടെയാണ് ഇവര്‍ കഞ്ജവാലയില്‍ എത്തിയത്. പിന്നീട് പൊലീസിനെ വെട്ടിച്ച പല ഇടവഴികളിലൂടെയും കാര്‍ നീങ്ങി. നാല് മണിയോടെയാണ് അഞ്ജലിയുടെ മൃതദേഹം കാറിനടിയില്‍ നിന്ന് തെറിച്ച് പോയത്.
ബലേനൊ കാറിനെ പിന്തുടര്‍ന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 4.10-ഓടെ മൃതദേഹം ലഭിച്ചു. 4.40-ഓടെ പ്രതികള്‍ സുല്‍ത്താന്‍ പുരിയിലെ അഷുതോഷിന്റെ വീട്ടിലെത്തി. കാറിന്റെ ടയറില്‍ നിന്ന് രക്തത്തിന്റെ അംശം നീക്കം ചെയ്തത് അഷുതോഷാണെന്നാണ് സംശയിക്കപ്പെടുന്നത്. ഇത് സത്യമായാല്‍ തെളിവ് നശിപ്പിച്ചതിന് അഷുതോഷ് പ്രതിയാകുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.