മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) ചോദ്യം ചെയ്യലില്‍നിന്നു വീണ്ടും ഒഴിവായി മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്. ഇന്നു രാവിലെ 11നു ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് ദേശ്മുഖിന് ഇഡി സമന്‍സ് നല്‍കിയിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി കാരണം നേരിട്ട് ഹാജരാവാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ഏതെങ്കിലും ദൃശ്യ, ശ്രാവ്യ മാധ്യമത്തിലൂടെ തന്റെ മൊഴി രേഖപ്പെടുത്താന്‍ ദേശ്മുഖ് ഇഡിയോട് ആവശ്യപ്പെട്ടു.
”ഞാന്‍ 72 വയസുള്ളയാളാണ്. രക്താതിമര്‍ദ്ദം, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നു. ജൂണ്‍ 25 നു നടന്ന റെയ്ഡിനിടെ മണിക്കൂറുകളോളം എന്റെ മൊഴി രേഖപ്പെടുത്തി. അതിനാല്‍, ഇന്ന് വ്യക്തിപരമായി ഹാജരാവുന്നത് വിവേകപൂര്‍ണമോ അഭികാമ്യമോ ആയിരിക്കില്ല. എന്റെ അംഗീകൃത പ്രതിനിധിയെ അയയ്ക്കുന്നു,” ഇന്ന് ഇഡിക്ക് അയച്ച കത്തില്‍ ദേശ്മുഖ് പറഞ്ഞു.
കേസില്‍ സമര്‍പ്പിച്ച എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്ട്ടി(ഇസിഐആര്‍)ന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് ഇഡി ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും രേഖകളും നല്‍കുമെന്ന് ദേശ്മുഖ് പറഞ്ഞു. താന്‍ നേരിട്ട് ഹാജരാകണമെന്ന ഉദ്ദേശത്തിന്റെ ആവശ്യം ഇഡി സമന്‍സ് വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ദേശ്മുഖിനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിക്കുന്നത്. 26നായിരുന്നു ആദ്യം വിളിപ്പിച്ചിരുന്നത്. അന്നും ഹാജരാകാതിരുന്ന ദേശ്മുഖ് അഭിഭാഷകന് മുഖേനെ ചോദ്യം ചെയ്യപ്പെടേണ്ട രേഖകള്‍ സംബന്ധിച്ച് വിവരം നല്കാന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.
കേസില്‍ ദേശ്മുഖിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ, പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് പാലാന്‍ഡെ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ദേശ്മുഖിന്റെ വസതിയില്‍ ഇഡി തിരച്ചില്‍ നടത്തിയതിനു പിന്നാലെയാണ് ഇരുവരുടെയും അറസ്റ്റുണ്ടായത്.
മുംബൈയിലെ പത്തോളം ബാര്‍ ഉടമകളില്‍നിന്ന് 2020 ഡിസംബറിനും 2021 ഫെബ്രുവരിക്കുമിടയില്‍ പിരിച്ചെടുത്ത നാല് കോടി രൂപയിലേറെ ഡല്‍ഹിയിലെ ഷെല്‍ കമ്പനികള്‍ മുഖേനെ ദേശ്മുഖിന്റെ നാഗ്പൂരിലെ അനില്‍ ദേശ്മുഖിന്റെ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് തിരിച്ചുവിട്ടതായാണ് ഇഡിയുടെ ആരോപണം. കുന്ദന്‍ ഷിന്‍ഡെയും സഞ്ജീവ് പാലാന്ഡെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
Also Read: ഇന്ത്യയുടെ തെറ്റായ ഭൂപടം: ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരെ യുപിയിൽ കേസ്
ദേശ്മുഖിനെതിരെ മുംബൈ പൊലീസ് മുന്‍ കമ്മിഷണര്‍ പരം ബിര്‍ സിങ് ഉന്നയിച്ച അഴിമതി ആരോപണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിന് അനുസൃതമായാണ് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ഇഡിയുടെ അന്വേഷണം. എന്നാല്‍ എല്ലാ ആരോപണങ്ങളും ദേശ്മുഖ് നിഷേധിച്ചിട്ടുണ്ട്.
മുംബൈ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് മാര്‍ച്ച് 20ന് അയച്ച കത്തില്‍ പരം ബിര്‍ സിങ്, ദേശ്മുഖിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. സസ്പെന്‍ഷനിലായ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ സച്ചിന് വെയ്സ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരോട് 100 കോടി രൂപ പിരിക്കാന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. മുംബൈയിലെ 1,750 ബാറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍നിന്നും ഓരോ മാസവും 40-50 കോടി വീതം ഉള്‍പ്പെടെ പിരിക്കാനായിരുന്നു ആവശ്യപ്പെട്ടതെന്നും കത്തില്‍ ആരോപിച്ചിരുന്നു.
മുകേഷ് അംബാനിയുടെ വസതിക്കു പുറത്തുണ്ടായ ബോംബ് ഭീഷണി സംബന്ധിച്ച കേസിലും വ്യവസായി മന്‍സുഖ് ഹിരാനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലും സച്ചിന് വെയ്സിനെതിരെ എന്‍ഐഎ അന്വേഷണം നടക്കുകയാണ്. കസ്റ്റഡി മരണക്കേസില്‍ 15 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യപ്പെട്ട വെയ്സ് 2020ല്‍ ആണ് സര്‍വിസില്‍ തിരിച്ചെത്തിയത്.