/indian-express-malayalam/media/media_files/uploads/2019/02/anil-ambani-7.jpg)
Anil Ambani addressing Reliance capital annual general meeting at Birla Matoshri on Tuesday. Express photo by Prashant Nadkar, Mumbai, 21/07/2009
Anil Ambani Guilty of Contempt in Ericsson Case: ന്യൂഡല്‍ഹി: സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് തിരിച്ചടി. നാലാഴ്ചയ്ക്കുളളില്‍ എറിക്‌സണ്‍ കമ്പനിക്ക് 453 കോടി രൂപ അനില്‍ അംബാനി നല്‍കണമെന്നും അല്ലെങ്കില്‍ മൂന്നു മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ആര്‍.എഫ്.നരിമാന്‍, വിനീത് സഹരണ്‍ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 550 കോടി രൂപ തങ്ങള്‍ക്ക് നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എറിക്‌സണ്‍ കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്. റിലയന്‍സ് ടെലികോം മേധാവി സതീഷ് സേഠ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ മേഥാവി ഛായാ വിരാനി എന്നിവര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കും.
കൂടാതെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, റിലയന്‍സ് ടെലികമ്മ്യൂണിക്കേഷന്‍, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നിവ നാലാഴ്ചയ്ക്കുള്ളില്‍ സുപ്രീം കോടതിയില്‍ ഒരുകോടി രൂപ കെട്ടിവയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം കമ്പനികളുടെ മേധാവിമാര്‍ ഒരുമാസം കൂടുതല്‍ ജയില്‍വാസം അനുഭവിക്കേണ്ടി വരും.
സുപ്രീം കോടതിയില്‍ റിലയന്‍സ് ഗ്രൂപ്പ് ഇതിനകം കെട്ടിവച്ച 118 കോടി രൂപ ഒരാഴ്ചയ്ക്കകം എറിക്‌സണ് വിതരണം ചെയ്യാനും കോടതി നിർദേശിച്ചു. റിലയന്‍സ് ധാരണയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും മനഃപൂര്‍വ്വം തുക നല്‍കാതെ കരാര്‍ തെറ്റിച്ചുവെന്നും കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവും രേഖാമൂലം നല്‍കിയ ഉറപ്പും ലംഘിച്ചതിനാല്‍, റിലയന്‍സ് നടത്തുന്ന ഏതുവിധേനയുള്ള നിരുപാധിക ക്ഷമാപണവും തള്ളിക്കളയാന്‍ കോടതി പറഞ്ഞു.
എറിക്‌സണ് പണം തിരിച്ചു നല്‍കാന്‍ സുപ്രീം കോടതി നല്‍കിയ 120 ദിവസത്തെ കാലാവധിയോ അധികം നല്‍കിയ 60 ദിവസ കാലാവധിയോ പാലിക്കാന്‍ റിലയന്‍സിന് സാധിച്ചില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.