ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാട് സമയത്ത് ഫ്രാന്‍സ് ഗവണ്‍മെന്റ് അനില്‍ അംബാനിക്ക് വന്‍ നികുതി ഇളവ് നല്‍കിയതായി റിപ്പോര്‍ട്ട്. അനില്‍ അംബാനിയുടെ ഫ്രഞ്ച് ആസ്ഥാനമായ ‘അറ്റ്‌ലാന്റിക് ഫ്രാഗ് ഫ്രാന്‍സ്’ എന്ന കമ്പനിക്ക് 143.7 മില്യണ്‍ യൂറോയുടെ നികുതി ഇളവ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നികുതി ഇളവ് നല്‍കിയതെന്ന് ഫ്രഞ്ച് ദിനപത്രം ‘ലെ മോന്‍ഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More: റഫാൽ അഴിമതിയുടെ തുടക്കവും ഒടുക്കവും മോദി തന്നെ: രാഹുൽ ഗാന്ധി

151 മില്യണ്‍ യൂറോയാണ് അനില്‍ അംബാനിയുടെ കമ്പനിക്ക് നികുതി ഇനത്തില്‍ നല്‍കാന്‍ ഉണ്ടായിരുന്നത്. 2007 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തിലെ പലിശ അടക്കമുള്ള നികുതിയാണ് ഇത്. 151 മില്യണ്‍ യൂറോയ്ക്ക് പകരം 7.6 മില്യണ്‍ യൂറോ നികുതിയായി അടയ്ക്കാമെന്ന് അംബാനിയുടെ കമ്പനി ആദ്യം അറിയിക്കുകയായിരുന്നു. എന്നാല്‍, ഇത് ഫ്രഞ്ച് ആദായ വകുപ്പ് അധികൃതര്‍ എതിര്‍ത്തു. ഒടുവില്‍, 2015 ഒക്ടോബര്‍ 22 ന് 7.6 മില്യണ്‍ യൂറോ നികുതിയിനത്തില്‍ സ്വീകരിച്ച് അംബാനിയുടെ കമ്പനിക്ക് നികുതി ഇളവ് അനുവദിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Read More: Rafale deal: ലോകം കാണേണ്ട എന്ന് സര്‍ക്കാര്‍ വാദിക്കുന്ന റഫാല്‍ രേഖകള്‍ ഇവയൊക്കെ

2015 ഏപ്രില്‍ 10 നാണ് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. ഇതിനു പിന്നാലെയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനെ റഫാല്‍ ഇടപാടില്‍ പങ്കാളിയാക്കിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനെ ഒഴിവാക്കി സ്വകാര്യ കമ്പിനിയായ റിലയന്‍സ് ഡിഫന്‍സിനെ നിയോഗിച്ചത് വലിയ വിവാദമായിരുന്നു.

എന്നാൽ ഇത് തെറ്റായ വാർത്തയാണെന്നായിരുന്നു ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം. റഫാല്‍ യുദ്ധ വിമാന ഇടപാട് സമയത്ത് ഫ്രാന്‍സ് ഗവണ്‍മെന്റ് അനില്‍ അംബാനിക്ക് വന്‍ നികുതി ഇളവ് നല്‍കിയതായുള്ള റിപ്പോര്‍ട്ട് കൃത്യമല്ലെന്ന് പറഞ്ഞ മന്ത്രാലയം വർത്ത പക്ഷാപാതകവും അനർഥകാരിയുമാണെന്നും വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook