മുംബൈ: കഴിഞ്ഞ 14 മാസത്തിനിടെ 35,000 കോടി രൂപ വായ്പ കുടിശിക ഇനത്തില്‍ തിരിച്ചടച്ചെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി. ഭാവിയില്‍ എല്ലാ വായ്പകളും തിരിച്ചടക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. 2018 ഏപ്രില്‍ മുതലുള്ള കണക്കനുസരിച്ചാണ് വായ്പകള്‍ തിരിച്ചടച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. മുതല്‍ ഇനത്തില്‍ 25,000 കോടിയും പലിശ ഇനത്തില്‍ 11,000 കോടിയും തിരിച്ചടച്ചതായാണ് അനില്‍ അംബാനി അറിയിച്ചിരിക്കുന്നത്.

Read More: തടവ് ശിക്ഷ ഒഴിവായി: അനിൽ അംബാനി 458 കോടി രൂപ എറിക്‌സണ് നൽകി

ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെയാണ് കടം വീട്ടിയതെന്നും അനില്‍ അംബാനി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. റിലയന്‍സ് ഗ്രൂപിനെതിരെ അനാവശ്യമായി നടത്തിയ കുപ്രചരണങ്ങളെ തുടര്‍ന്ന് കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

Read More: വോട്ടെണ്ണാൻ ഒരു ദിവസം ശേഷിക്കെ കോൺഗ്രസിനെതിരായ പരാതി പിൻവലിച്ച് അനിൽ അംബാനി

റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് പവര്‍ ആന്‍ഡ് റിലയന്‍സ് ഇന്‍ഫ്ര തുടങ്ങിയ കമ്പനികളാണ് നഷ്ടത്തിലായിരുന്നത്. കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്തുകള്‍ വിറ്റാണ് കടം തീര്‍ത്തതെന്നും അനിൽ അംബാനി പറയുന്നു.

സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ് നല്‍കേണ്ട 458 കോടി രൂപ നല്‍കി അനില്‍ അംബാനി നേരത്തെ തടവുശിക്ഷയില്‍ നിന്ന് ഒഴിവായിരുന്നു. പണം നല്‍കാത്ത പക്ഷം മൂന്ന് മാസം തടവുശിക്ഷ അനുഭവിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് തുക അടച്ചത്. എറിക്‌സന്‍ കമ്പനിക്ക് നല്‍കാനുള്ള 550 കോടി രൂപ നല്‍കാനുള്ള ഉത്തരവ് അനുസരിക്കാത്തതിനാലാണ് സുപ്രീം കോടതി കേസില്‍ പിന്നെയും ഇടപെട്ടത്. 453 കോടി രൂപ കുടിശിക സഹിതം തിരിച്ചടയ്ക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീം കോടതി വിധിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook