scorecardresearch
Latest News

കോവിഡ് ചികിത്സാ രംഗത്തെ പുതിയ മുന്നേറ്റമോ? ഇത് 14 കാരിയായ ഇന്ത്യൻ വംശജയുടെ പുതിയ കണ്ടെത്തൽ

ടെക്സസിലെ ഫ്രിസ്കോയിൽ നിന്നുള്ള എട്ടാം ക്ലാസുകാരിയായ അനികയാണ് ഈ കണ്ടെത്തലിനു പിറകിൽ

കോവിഡ് ചികിത്സാ രംഗത്തെ പുതിയ മുന്നേറ്റമോ? ഇത് 14 കാരിയായ ഇന്ത്യൻ വംശജയുടെ പുതിയ കണ്ടെത്തൽ

കൊറോണ വൈറസ് പ്രതിരോധ മരുന്നിനായി ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യുഎസിൽ നിന്നുള്ള ഇന്ത്യൻ വംശജനായ ഒരു 14 വയസ്സുകാരിയുടെ കണ്ടെത്തൽ ഇത് സംബന്ധിച്ച് മുന്നോട്ടുള്ള വഴി കാണിച്ച് തരുകയാണ്. കോവിഡ് -19 ന് ഒരു ചികിത്സ നൽകാൻ വഴിവെക്കുന്ന തരത്തിലുള്ള കണ്ടെത്തൽ നടത്തിയത് ടെക്സസിലെ ഫ്രിസ്കോയിൽ നിന്നുള്ള എട്ടാം ക്ലാസുകാരിയായ അനിക ചെബ്രോലുവാണ്.

യുഎസിന്റെ പ്രധാന മിഡിൽ സ്‌കൂൾ സയൻസ് മത്സരമായി കണക്കാക്കപ്പെടുന്ന 3 എം യംഗ് സയന്റിസ്റ്റ് ചലഞ്ചിൽ അവർ ഈ കണ്ടെത്തലുമായി വിജയിക്കുകയും ചെയ്തു. സാർസ് കോവി 2 വൈറസിന്റെ സ്പൈക്ക് പ്രപോട്ടീനുമായി മാത്രം ഒട്ടിച്ചേരുന്ന ഒരു പ്രധാന തന്മാത്രയെ കണ്ടെത്തുന്നതിനുള്ള ഇൻ സിലികോ രീതിശാസ്ത്രമാണ് ചെബ്രോലുവിന്റെ പരീക്ഷണത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും ത്രീഎം ചലഞ്ച് വെബ്‌സൈറ്റിൽ പറയുന്നു.

Read More: കോവിഡ് ബാധിച്ചവര്‍ക്കു കേള്‍വിശക്തി കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്

“കഴിഞ്ഞ വർഷം കടുത്ത ഇൻഫ്ലുവൻസ ബാധ നേരിട്ടതിനെ തുടർന്നാണ് യങ് സയന്റിസ്റ്റ് ചലഞ്ചിൽ പങ്കെടുക്കാൻ 14കാരി തീരുമാനിച്ചത്. ഇൻഫ്ലുവൻസയ്ക്ക് ഒരു ചികിത്സ കണ്ടെത്താൻ അവർ ആഗ്രഹിച്ചു. എന്നാൽ, ഈ വർഷം തുടക്കത്തിൽ തന്നെ കോവിഡ് മഹാമാരി ബാധിച്ചതിനുശേഷം എല്ലാം മാറി,” വെബ്‌സൈറ്റിൽ പറയുന്നു.

“മഹാമാരി, വൈറസ്, മരുന്ന് കണ്ടെത്തൽ എന്നിവയെക്കുറിച്ച് ഗവേഷണം നടത്താൻ വളരെയധികം സമയം ചെലവഴിച്ചതിന് ശേഷം, ഞാൻ യഥാർത്ഥത്തിൽ ഇതുപോലൊന്നിനിടയിലാണ് ജീവിക്കുന്നതെന്നത് വളരെ വിചിത്രമായി തോന്നി,” അനിക സിഎൻഎന്നിനോട് പറഞ്ഞു.

“കോവിഡ് -19 മഹാമാരിയുടെ കടുത്ത കാഠിന്യവും ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ അത് ലോകത്തിൽ ചെലുത്തിയ കടുത്ത സ്വാധീനവും കാരണം, എന്റെ ഉപദേഷ്ടാവിന്റെ സഹായത്തോടെ ഞാൻ സാർസ്-കോവ്-2 വൈറസ് അടിസ്ഥാനമാക്കി ലക്ഷ്യത്തെ മാറ്റി,” അവർ കൂട്ടിച്ചേർത്തു.

Read More: Explained: കൊറോണ വൈറസ് വിവിധ പ്രതലങ്ങളിൽ എത്ര കാലം നിലനിൽക്കും?

ഈ വർഷത്തെ മത്സരത്തിലെ 10 ഫൈനലിസ്റ്റുകളിൽ ഒരാളാണ് ചെബ്രോലു. ത്രീ എം അംഗത്വവും, 25,000 ഡോളർ സമ്മാനത്തുകയും അവർ നേടി.

ഛെബ്രൊലുവിന് ഒരു ജിജ്ഞാസുവായ മനസ്സ് ഉണ്ടെന്നും കോവിഡ്-19ന് ഒരു വാക്സിൻ കണ്ടെത്തുക എന്ന ചോദ്യത്തിലേക്കായി തന്റെ ജിജ്ഞാസ അവർ ഉപയോഗിച്ചെന്നും ത്രീഎം യങ് സയന്റിസ്റ്റ് ചലഞ്ച് വിധികർത്താക്കളിലൊരാളായിരുന്ന ഡോ കിൻഡി മോസ് പറഞ്ഞു.

“അവളുടെ ജോലി സമഗ്രമായിരുന്നു. നിരവധി ഡാറ്റാബേസുകൾ പരിശോധിക്കുകയും ചെയ്തു. നവീകരണ പ്രക്രിയയെക്കുറിച്ച് ഒരു ധാരണയും അവർ വളർത്തിയെടുത്തു. ലോകത്തെ മികച്ച ഇടമാറ്റി മാറ്റാൻ സഹായിക്കുന്നതിന് അവളുടെ സമയവും കഴിവും ഉപയോഗിക്കാനുള്ള അവളുടെ സന്നദ്ധത ഞങ്ങൾക്ക് എല്ലാ പ്രതീക്ഷയും നൽകുന്നു,” മോസ് പറഞ്ഞു.

Read More: Explained: വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കോവിഡ് പകരുമോ?; വിദഗ്ദര്‍ പറയുന്നത്‌

1918 ലെ ഫ്ലൂ മഹാമാരിയെക്കുറിച്ച് മനസിലാക്കുകയും പ്രതിരോധ കുത്തിവയ്പ്പുകളും ഇൻഫ്ലുവൻസയ്ക്കെതിരായ മരുന്നുകളും വിപണിയിൽ ലഭ്യമായിട്ടും യുഎസിൽ പ്രതിവർഷം നിരവധി പേർ മരിക്കുന്നുണ്ടെന്ന് കണ്ടെത്തുകയും ചെയ്ത ശേഷം വൈറസ് ബാധയ്ക്കെതിരേ ഉപയോഗിക്കാവുന്ന മരുന്നുകൾ കണ്ടെത്തുന്നതിനുള്ള പ്രചോദനം 14 കാരിയിൽ ഉടലെടുത്തുവെന്ന് എംത്രീ വെബ്സൈറ്റിൽ പറയുന്നു.

വിജയവും സമ്മാനവും ലഭിച്ചെങ്കിലും തന്റെ ജോലി ഇതുവരെ പൂർത്തികരിക്കപ്പെട്ടിട്ടില്ലെന്ന് ചെബ്രോലു പറഞ്ഞു. പകർച്ചവ്യാധി കാരണം വരുന്ന “ഗുരുതര രോഗാവസ്ഥയും മരണനിരക്കും നിയന്ത്രിക്കാൻ” പോരാടുന്ന ശാസ്ത്രജ്ഞർക്കും ഗവേഷകർക്കുമൊപ്പം പ്രവർത്തിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും വൈറസിനുള്ള യഥാർത്ഥ ചികിത്സയായി തന്റെ കണ്ടെത്തലുകൾ വികസിപ്പിക്കുമെന്നും അവർ പറയുന്നു.

സാർസ്-കോവ്-2 വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മുഖ്യ സംയുക്തം കണ്ടെത്താനുള്ള എന്റെ ശ്രമം സമുദ്രത്തിലെ ഒരു തുള്ളിയാണെന്ന് തോന്നുമെങ്കിലും ഇത് ആ ശ്രമങ്ങളോട് കൂട്ടിച്ചേർക്കുന്നു,” അവർ സിഎൻഎന്നിനോട് പറഞ്ഞു. “വൈറോളജിസ്റ്റുകളുടെയും മരുന്ന് പരീക്ഷണ വിദഗ്ധരുടെയും സഹായത്തോടെ ഞാൻ ഈ തന്മാത്ര എങ്ങനെ വികസിപ്പിച്ചെടുക്കും എന്നത് ഈ ശ്രമങ്ങളുടെ വിജയം നിർണ്ണയിക്കും,” ചെബ്രോലു പറഞ്ഞു.

പുതിയ കൊറോണ വൈറസ് 2019 ഡിസംബറിൽ ചൈനയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനുശേഷം ആഗോളതലത്തിൽ ഇതുവരെ 1.1 ദശലക്ഷത്തിലധികം ആളുകൾ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്.

Read More: Meet the 14-year-old Indian-American, whose discovery may help in the treatment of Covid-19

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Anika chebrolu covid 19 treatment