ന്യൂഡൽഹി: സ്‌പൈസ് ജെറ്റിൽ ബുക്ക് ചെയ്ത സീറ്റ് നൽകിയില്ലെന്ന് പരാതി ഉന്നയിച്ച ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂറിന്റെ വാദങ്ങളെ തള്ളുന്ന വീഡിയോ പുറത്ത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

വിമാനം വൈകിയതിൽ അസ്വസ്ഥരായ യാത്രക്കാർ പ്രഗ്യ സിങ് ഠാക്കൂറിനെതിരെ ക്ഷുഭിതരാകുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ”നിങ്ങൾ ജനങ്ങളുടെ പ്രതിനിധിയാണ്. ഞങ്ങളെ ബുദ്ധിമുട്ടിക്കലല്ല നിങ്ങളുടെ ജോലി. നിങ്ങൾ അടുത്ത വിമാനത്തിൽ വരണം” സഹയാത്രികൻ ഠാക്കൂറിനോട് ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം.

ഫസ്റ്റ് ക്ലാസ്സോ മറ്റ് സംവിധാനങ്ങളോ ഇല്ലാതിരുന്നിട്ടും ഈ വിമാനത്തിൽ തന്നെ യാത്ര ചെയ്യുന്നത് അത്യാവശ്യമായതുകൊണ്ടാണെന്ന് ബിജെപി എംപി യാത്രക്കാരന് മറുപടി നൽകുന്നു. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന യാത്രക്കാരൻ ഫസ്റ്റ് ക്ളാസ് നിങ്ങളുടെ അവകാശമല്ലെന്നു തിരിച്ചടിച്ചു.

Read Also: തോല്‍വിയില്‍ ഞെട്ടി ബിജെപി; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും

നിങ്ങൾ കാരണം മറ്റൊരാൾ ബുദ്ധിമുട്ടിലാകരുതെന്ന് ചിന്തിക്കാനുള്ള ധാർമിക ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്. അമ്പതിലധികം ആളുകളെ ബുദ്ധിമുട്ടിക്കുന്നതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേയെന്നും പ്രഗ്യ ഠാക്കൂറിനോട് അദ്ദേഹം ചോദിക്കുന്നു. സഹയാത്രക്കാരന്റെ ഭാഷയെ ചോദ്യം ചെയ്ത എംപിയോട് താൻ ശരിയായ രീതിയിലാണ് താങ്കളോട് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് ബുക്ക് ചെയ്ത സീറ്റ് നൽകിയില്ലെന്ന പരാതിയുമായി പ്രഗ്യ സിങ് ഠാക്കൂർ രംഗത്തെത്തിയത്. ഡൽഹി-ഭോപ്പാൽ വിമാന യാത്രയ്ക്കിടെയായിരുന്നു ബിജെപി എംപിയുടെ പരാതി.

എന്നാൽ സീറ്റ് ബുക്ക് ചെയ്തപ്പോൾ വീൽചെയറിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ലെന്നും കമ്പനി നിയമം അനുസരിച്ച് വീല്‍ ചെയറില്‍ ഉള്ളയാള്‍ക്ക് എമര്‍ജന്‍സി സീറ്റ് അനുവദിക്കാനാകില്ലെന്നുമാണ് സ്‌പൈസ് ജെറ്റ് വിശദീകരിച്ചത്. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ബുക്ക് ചെയ്ത സീറ്റ് തനിക്ക് നിഷേധിച്ചുവെന്ന് ഠാക്കൂർ പരാതിപ്പെട്ട സംഭവത്തിലാണ് വിമാനക്കമ്പനി ഇപ്പോൾ വ്യക്തത വരുത്തിയത്.

വിമാനം വൈകിയതിനാൽ മറ്റ് യാത്രക്കാർ അസ്വസ്ഥരാവുകയായിരുന്നു. തുടർന്ന് പ്രഗ്യ ഠാക്കൂറിന്റെ സീറ്റ് മാറ്റാൻ എയർലൈൻ ജീവനക്കാരോട് യാത്രക്കാർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സീറ്റ് മാറാൻ എംപി വിസമ്മതിച്ചു. അവസാനം 1A-യിൽ നിന്ന് 2B-യിലേക്ക് മാറാൻ സമ്മതിക്കുകയും വിമാനം പുറപ്പെടുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് വിമാനം ഏകദേശം 45 മിനിറ്റ് വൈകിയതായും അധികൃതർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook