ബറേലി: രണ്ടാം വിവാഹം കഴിച്ചതിലുളള രോഷം മൂത്ത് ആദ്യ ഭാര്യ ഭർത്താവിനെ ആട്ടുകല്ല് കൊണ്ട് തലക്കടിച്ച് കൊന്നു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. ഉത്തർപ്രദേശിലെ ബറേലി സ്വദേശി വസീം (52) ആണ് മരിച്ചത്.

“പത്ത് ദിവസം മുൻപാണ് വസീം 35കാരിയായ ഒരു സ്ത്രീയെ വിവാഹം കഴിച്ചത്. നാല് ദിവസം മുൻപാണ് ആദ്യ ഭാര്യ ബാബ്ലി അറിഞ്ഞത്. ഇതേ തുടർന്ന് ബാബ്ലിയും വസീമും തമ്മിൽ നിരന്തരം കലഹിച്ചു. പിന്നീടാണ് വസീമിനെ ബാബ്ലി കൊലപ്പെടുത്തിയത്. ബാബ്ലിയെ അറസ്റ്റ് ചെയ്തു”, സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിങ് സാജ്‌വാൻ പറഞ്ഞു.

കൊലപ്പെടുത്തിയ ശേഷം വസീമിന്റെ മരണവാർത്ത ഇദ്ദേഹത്തിന്റെ സഹോദരങ്ങളെ വിളിച്ചറിയിച്ചത് ബാബ്ലിയാണ്. പിന്നീട് ആചാരനുഷ്ഠാനങ്ങൾ പ്രകാരം മൃതദേഹം മറവുചെയ്യാനുളള ശ്രമങ്ങളും ആരംഭിച്ചു. എന്നാൽ ആരോ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇവരുടെ വീട്ടിലെത്തിയ പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. 27 വർഷം മുൻപാണ് ബാബ്ലിയും വസീമും വിവാഹിതരായത്. ഇവർക്ക് മൂന്ന് കുട്ടികളും ഉണ്ട്.

ഇവർ താമസിക്കുന്ന ഇതേ വീട്ടിൽ തന്റെ രണ്ടാമത്തെ ഭാര്യയെയും താമസിപ്പിക്കാൻ ബാബ്ലിയോട് വസീം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം വസീം ഉറങ്ങാൻ കിടന്നു. ഈ സമയത്താണ് ആട്ടുകല്ല് എടുത്തുകൊണ്ടുവന്ന് വസീമിന്റെ തലയ്ക്കിട്ട് ബാബ്ലി കൊല നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook