ബെർലിൻ: ജര്‍മ്മനിയില്‍ ആംഗല മെര്‍ക്കല്‍ വീണ്ടും അധികാരത്തിലേക്ക്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ മുന്നണി സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണയായി. മികച്ചതും സുസ്ഥിരവുമായ ഒരു സര്‍ക്കാരുണ്ടാകുമെന്ന് മെര്‍ക്കല്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനിലെ ശക്തമായ രാജ്യമാകാന്‍ ജര്‍മനിക്ക് സാധിക്കുമെന്ന് ഷൂള്‍സും വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ ഒരു കൂട്ടുകകക്ഷി സര്‍ക്കാരിന് രൂപം നല്‍കാനുള്ള ഓട്ടത്തിലായിരുന്നു മെര്‍ക്കലും പാര്‍ട്ടിയും. ഇതിന് ശേഷം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍ എന്നിവരുമായി ചര്‍ച്ച നടത്തി ധാരണയിലെത്തുകയായിരുന്നു. ഇരുപാര്‍ട്ടികളും മുന്നോട്ടുവച്ച ഉപാധികള്‍ അംഗീകരിച്ചതോടെയാണ് മെര്‍ക്കലിന് നാലാം തവണയും അധികാരത്തിലെത്താന്‍ ഒടുവില്‍ കളമൊരുങ്ങിയത്.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മാര്‍ട്ടിന്‍ ഷൂള്‍സ് ജര്‍മനിയുടെ പുതിയ വിദേശകാര്യമന്ത്രിയാകും. ഇതിന് പുറമെ ധനവകുപ്പ് ഉള്‍പ്പെടെ നിര്‍ണായകമായ മറ്റ് അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ കൂടി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിക്കും. എങ്കിലും പുതിയ വ്യവസ്ഥകള്‍ക്ക് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ അംഗങ്ങളുടെ പൂര്‍ണ സമ്മതം കൂടി ലഭിക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ