ലക്‌നൗ: തങ്ങളുടെ ആവർത്തിച്ചുള്ള ആവശ്യങ്ങളോട് മുഖം തിരിച്ചു നിന്ന സർക്കാരിനോടുള്ള പ്രതിഷേധമായി അംഗൻവാടി അധ്യാപിക ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതീകാത്‌മകമായി വിവാഹം കഴിച്ചു.

ആചാരപ്രകാരമുള്ള ചടങ്ങോടെ ആയിരുന്നു മുഖ്യമന്ത്രിയുടെ മുഖ ചിത്രം അണിഞ്ഞ മറ്റൊരു അധ്യാപികയുടെ കഴുത്തിൽ സിതാപുരിൽ നിന്നുള്ള മഹിളാ അംഗൻവാടി കർമചാരി സംഘിന്റെ ജില്ലാ പ്രസിഡന്റും അംഗനവാടി അധ്യാപികയുമായ നീതു സിങ് മാല ചാർത്തിയത്. വാദ്യമേളങ്ങളും മന്ത്രോച്ചാരണങ്ങളും ചടങ്ങിന് അകമ്പടിയേകി. സഹപ്രവർത്തകരായ മറ്റു അംഗനവാടി അധ്യാപികമാർ വിവാഹത്തിന് അനുഗ്രഹങ്ങൾ ചൊരിഞ്ഞു.

കുറഞ്ഞത് നാല് ലക്ഷം അംഗൻവാടി പ്രവർത്തകർക്കെങ്കിലും ഈ വിവാഹം ഗുണം ചെയ്യുമെന്ന് നീതു സിങ് പറഞ്ഞു. സീതാപുർ സന്ദർശിക്കാൻ അടുത്ത ദിവസം എത്തുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കൂടെ താൻ ലക്‌നൗവിലേക്ക് പോകുമെന്നും നീതു സിങ് പറഞ്ഞു തങ്ങളുടെ അവകാശങ്ങൾ വീണ്ടും നിരാകരിക്കുകയാണെങ്കിൽ താൻ ഒരു കുതിര പുറത്തേറി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോകുമെന്നും നീതു സിങ് മുന്നറിയിപ്പ് നൽകി.

അയ്യായിരത്തോളം വരുന്ന അംഗൻവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സർക്കാർ ജീവനക്കാരുടേതിന് തുല്യമായ വേതനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇവർ സമര പാതയിലെത്തിയത്. ആവശ്യങ്ങൾ അംഗീകരിക്കാൻ പ്രവർത്തകർ സർക്കാരിന് സമയ പരിധി നൽകിയിരുന്നു എങ്കിലും ഇത് ഗൗനിക്കാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ഇവർ നടത്തിയ പ്രതിഷേധ സമരം ലാത്തിച്ചാർജിൽ കലാശിച്ചിരുന്നു. തുടർന്ന് പ്രതിഷേധക്കാർ  ബിജെപി സംസ്ഥാന ഓഫീസിലേക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും തള്ളിക്കയറാനും ശ്രമിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ