തിരുപ്പതി: പിതാവിന്റെ മദ്യപാനത്തില്‍ മനംമടുത്ത പത്താം പത്താംക്ലാസുകാരി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലാണ് സംഭവം. മദ്യവിരുദ്ധ പ്രചരണ പരിപാടികളില്‍ പങ്കെടുത്തിരുന്ന ലങ്ക ഭാര്‍ഗവി എന്ന പെണ്‍കുട്ടിയാണ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

രാത്രി മദ്യപിച്ചെത്തിയ പിതാവ് അമ്മയെ മര്‍ദ്ദിച്ചത് സഹിക്കാതെയാണ് ഭാര്‍ഗവി വിഷം കഴിച്ചത്. പത്താം ക്ലാസുകാരിയായിരുന്ന പെണ്‍കുട്ടി സ്ഥിരമായി മദ്യവിരുദ്ധ പ്രചരണ പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ബി.വി.ആര്‍.രാജു പറയുന്നു. മദ്യപാനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്ന തെരുവുനാടകങ്ങളുടേയും ഭാഗമായിരുന്നു ഈ പെണ്‍കുട്ടി.

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്ന പിതാവ് ലങ്ക ശ്രീനിവാസനോട് മദ്യപാനം നിര്‍ത്താന്‍ പെണ്‍കുട്ടി നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജനുവരി 31ന് രാത്രി ഇയാള്‍ മദ്യപിച്ചെത്തുകയും ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തു. ബഹളം അവസാനിച്ചതിനു ശേഷം പിതാവിനോട് മദ്യപാനം അവസാനിപ്പിക്കുമെന്നു വാക്കു തരാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ സമ്മതിക്കാതെ വന്നപ്പോള്‍ എലി വിഷം കഴിച്ചു. പിറ്റേദിവസം സ്‌കൂളിലെത്തിയ ഭാര്‍ഗവി വയറുവേദനിക്കുന്നു എന്നു പറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. മരണമൊഴിയില്‍ പെണ്‍കുട്ടി അവസാനമായി പറഞ്ഞത് അച്ഛന്‍ മദ്യപാനം നിര്‍ത്തിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു എന്നായിരുന്നെന്ന് പൊലീസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ