ഹൈദരാബാദ്: കനത്ത മഴ നാശം വിതച്ച തെക്കൻ ആന്ധ്രാപ്രദേശിലെ ചിറ്റൂർ, കടപ്പ, നെല്ലൂർ, അനന്തപൂർ ജില്ലകളിൽ നിന്നും 20,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു. സംസ്ഥാനത്തെ നൂറിലധികം ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. സർക്കാർ കണക്ക് പ്രകാരം ഇതുവരെ 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 18 പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇന്ന് രാവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഢി പ്രളയ മേഖലകളിൽ വ്യോമനിരീക്ഷണം നടത്തുകയും കളക്ടർമാരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെപ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ ചോദിച്ചറിയുകയും സംസ്ഥാനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
വ്യാഴാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ ചിറ്റൂർ, നെല്ലൂർ ജില്ലകളിലെ നിരവധി നദികളും കനാലുകളും കരകവിഞ്ഞൊഴുകി. സ്വർണമുഖി, കലിംഗി നദികൾ ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങൾ ഉൾപ്പടെ വെള്ളത്തിനടിയിലായതിനാൽ നിരവധി പേർ ഒഴുകിപ്പോയതായി സംശയിക്കുന്നുണ്ട്. 32,000 ഹെക്ടറിലധികം കൃഷി, ഹോർട്ടികൾച്ചർ ഭൂമികൾ നശിച്ചതായാണ് വിവരം.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫിന്റെ) ഏഴ് ടീമുകളും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) ഒമ്പത് ടീമുകളും ചേർന്നാണ് രക്ഷാപ്രവർത്തനത്തനം നടത്തുന്നത്. തീവ്രബാധിത ജില്ലകളായ കഡപ്പ, അനന്തപൂർ എന്നിവിടങ്ങളിൽ ഒന്ന് വീതം രണ്ട് ഹെലികോപ്റ്ററുകളും രക്ഷപ്രവർത്തനം നടത്തുന്നുണ്ട്.
ചെയ്യേരു ഗ്രാമത്തിൽ മൂന്ന് ആർടിസി ബസുകളിൽ കുടുങ്ങിയ 35 യാത്രക്കാരെ രക്ഷപ്പെടുത്തി. വെൽദുർത്തിയിലെ കനാലിൽ കുടുങ്ങിയ പത്തുപേരെയും എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. ഹേമാദ്രിപുരത്ത് സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെ ഏഴുപേരെയും കടപ്പ ടൗണിൽ വീട്ടിൽ കുടുങ്ങിയ ഗർഭിണിയായ യുവതിയെയും രക്ഷപ്പെടുത്തി.
സംസ്ഥാനത്ത് ഇതുവരെ 230 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ദുരിതബാധിതർക്ക് അരിയും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് 2000 രൂപ വരെ ധനസഹായവും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് ചെന്നൈ സെൻട്രൽ-തിരുപ്പതി ട്രെയിനും ഗുണ്ടക്കൽ-തിരുപ്പതി ട്രെയിനും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.