ഹൈദരാബാദ്: സമ്പൂര്‍ണ മദ്യനിരോധന നടപടികളുടെ ആദ്യഘട്ടമായി സംസ്ഥാനത്തെ 3,500 മദ്യഷോപ്പുകള്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇവ ഇനി ആന്ധ്രപ്രദേശ് ബിവറേജസ് കോര്‍പറേഷന്‍ നടത്തും. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്താനാണ് ആന്ധ്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ പശ്ചാത്തലത്തിലുള്ള പുതിയ എക്‌സൈസ് നയം ഒക്‌ടോബര്‍ ഒന്നിനു നിലവില്‍ വന്നു.

മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും ക്രമേണ കുറയ്ക്കുകയാണു വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ ലക്ഷ്യം. മദ്യഷോപ്പുകളുടെ പ്രവര്‍ത്തന സമയം തല്‍ക്കാലം രാവിലെ 10 മുതല്‍ രാത്രി വരെ തുടരുമെങ്കിലും പിന്നീടത് നാല്-അഞ്ച് മണിക്കൂറായി കുറയ്ക്കും. കഴിഞ്ഞ നാലുമാസമായി മദ്യഷോപ്പുകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍. ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ നാലുമാസം മുന്‍പ് അധികാരത്തിലെത്തുമ്പോള്‍ 4,380 മദ്യഷോപ്പുകളാണ് ആന്ധ്രയിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 3,500 ആണ്. ഈ കാലയളവില്‍ ആന്ധ്രയിലെ മദ്യവില്‍പ്പനയും ഉപഭോഗവും 18 ശതമാനം കുറഞ്ഞു.

Read Also: ഓണക്കാലത്ത് കേരളം കുടിച്ചത് 487 കോടി രൂപയുടെ മദ്യം; ഇരിങ്ങാലക്കുട ഒന്നാമത്

ഒരു വര്‍ഷത്തിനുള്ളില്‍ ആന്ധ്രയില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി കെ.നാരായണ സ്വാമി പറഞ്ഞു. “കഴിഞ്ഞമാസം പരീക്ഷണാടിസ്ഥാനത്തില്‍ 475 മദ്യഷോപ്പ് ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് ഒക്‌ടോബര്‍ ഒന്നിനു കാലാവധി കഴിഞ്ഞ മുഴുവന്‍ മദ്യഷോപ്പുകളും ഏറ്റെടുത്തു. പുതിയ സര്‍ക്കാര്‍ സംസ്ഥാനത്തെ 43,000 അനധികൃത മദ്യഷോപ്പുകള്‍ പൂട്ടി. ഇവയിലേറെയും ഗ്രാമീണമേഖയിലുള്ളവയാണ്. മദ്യലഭ്യത ക്രമേണ ഇല്ലാതാക്കുകയും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുകയുമാണു സര്‍ക്കാര്‍ ലക്ഷ്യം. അനധികൃത മദ്യഷോപ്പുകള്‍ പെരുകുന്നതു തെലുഗുദേശം സര്‍ക്കാര്‍ തടയാതിരുന്നതാണു സംസ്ഥാനത്തു മദ്യ ഉപയോഗം കൂടാന്‍ കാരണമായത്” നാരായണ സ്വാമി പറഞ്ഞു.

Read Also: ‘167 രൂപയുടെ ബക്കാര്‍ഡി റം വിൽക്കുന്നത് 1,240 രൂപയ്‌ക്കോ?’; വാസ്തവം ഇതാണ്

3,326.68 കോടി രൂപയാണ് ഈ വര്‍ഷം ജനുവരി ഒനുവരി മുതല്‍ സെപ്റ്റംബര്‍ വരെ മദ്യത്തില്‍നിന്ന് ആന്ധ്രപ്രദേശ് സര്‍ക്കാരിനു ലഭിച്ച വരുമാനം. 2014-15 സാമ്പത്തിക വര്‍ഷം 3,839 കോടി രൂപയും 2017-18ല്‍ 5,789.67 കോടി രൂപയും വരുമാനമായി ലഭിച്ചു. സ്വകാര്യ മദ്യഷോപ്പുകള്‍ ഏറ്റെടുത്തു നടത്തുന്നതിനായി 3500 സൂപ്പര്‍വൈസര്‍മാരെയും 8033 സെയില്‍സ്മാന്‍മാരെയും സര്‍ക്കാര്‍ റിക്രൂട്ട് ചെയ്തിരുന്നു.

വാർത്ത-ശ്രീനിവാസ് ജന്യാല

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook