ഹൈദരാബാദ്: പ്രണയബന്ധം തുടരാൻ വിസമ്മതിച്ച പെൺകുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാൽസംഗം ചെയ്തു. ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹ മാധ്യത്തിലൂടെ പ്രചരിപ്പിച്ചു. സംഭവത്തിൽ സായി, കാർത്തിക്, പവൻ എന്നീ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ സായിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ പെൺകുട്ടി പ്രണയബന്ധം തുടരാൻ വിസമ്മതിച്ചു. ഇതിന്റെ ദേഷ്യം തീർക്കാനാണ് പെൺകുട്ടിയെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് സായി ബലാൽസംഗം ചെയ്തത്. ക്ഷേത്രത്തിൽ പോവുകയായിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എന്നിട്ട് അതിന്റെ ദൃശ്യങ്ങൾ പകർത്തി.

പെൺകുട്ടിക്കൊപ്പം സുഹൃത്തായ മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. പെൺകുട്ടിയെ ബലാൽസംഗം ചെയ്യുന്ന സമയത്ത് സുഹൃത്ത് രക്ഷിക്കാൻ ശ്രമിക്കുന്നത് വിഡിയോയിലുണ്ട്. മാത്രമല്ല ബലാൽസംഗത്തിനിരയായ പെൺകുട്ടി ഉപ്രവിക്കരുതെന്ന് കരഞ്ഞപേക്ഷിച്ച് യുവാക്കളുടെ കാലുപിടിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പീഡന വിവരം പെൺകുട്ടി പൊലീസിനെ അറിയിച്ചിരുന്നില്ല. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിഡിയോ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

അതിനുശേഷം പെൺകുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് യുവാക്കൾക്കെതിരെ പരാതി നൽകാൻ ആവശ്യപ്പെട്ടു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി സായി ബിഎസ്‌സി അഗ്രികൾച്ചറൽ വിദ്യാർഥിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ