വിശാഖപട്ടണം: ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും മൂന്ന് തലസ്ഥാനങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നിർദേശത്തിന് ആന്ധ്രപ്രദേശ് നിയമസഭാ അംഗീകാരം നൽകി. വിശാഖപട്ടണം, കർനൂൾ, അമരാവതി എന്നിവിടങ്ങളായിരിക്കും സംസ്ഥാനത്തിന്റെ തലസ്ഥാനങ്ങൾ. വികേന്ദ്രീകൃത വികസനത്തിന് സഹായകമാകുന്ന രീതിയിലാണ് പുതിയ തീരുമാനം.

ആന്ധ്രപ്രദേശ് വികേന്ദ്രീകരണ തുല്യവികസന നിയമം നഗരവികസന മന്ത്രി ബി സത്യനാരായണയാണ് നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തെ നാല് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും മൂന്ന് മുതൽ നാല് വരെ ജില്ലകളുൾപ്പെടുത്തി സന്തുലിതമായ വികസനം ഉറപ്പ് വരുത്തുന്നതാണ് പുതിയ നിർദേശം.

“അമരാവതിയായിരിക്കും ആന്ധ്രയുടെ നിയമസഭാ തലസ്ഥാനം. നിയമനിർമ്മാണമുൾപ്പടെയുള്ള പ്രവർത്തനങ്ങൾ ഇവിടെ നടക്കും. വിശാഖപട്ടണം സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് തലസ്ഥാനമാകും. കർണൂൽ നഗരവികസന മേഖല ജുഡീഷ്യൽ തലസ്ഥാനവുമായിരിക്കും. രാജ്ഭവനെയും സെക്രട്ടേറിയറ്റിനെയും വിശാഖപട്ടണത്തേക്ക് മാറ്റും.” ധനമന്ത്രി രാജേന്ദ്രനാഥ് പറഞ്ഞു.

അതേസമയം തലസ്ഥാന മാറ്റാനുള്ള തീരുമാനത്തെ മുൻമുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നയ്ഡു ശക്തമായി എതിർത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. കാബിനറ്റ് യോഗത്തിന് മുന്നോടിയായി നിരവധി ആളുകളെ കരുതൽ കസ്റ്റഡിയിലെടുത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook