ചിറ്റൂർ: ഭാര്യയുമായുളള വഴക്കിനെ തുടർന്ന് ഭർത്താവ് മൂന്നു മക്കളെ നദിയിലേക്കെറിഞ്ഞു കൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. പുനീത് (5), സഞ്ജയ് (3), രാഹുൽ (2) എന്നീ മൂന്നു കുട്ടികളുടെയും മൃതദേഹം നീവ നദിയിൽനിന്നും പൊലീസ് കണ്ടെടുത്തു. സംഭവത്തിനുപിന്നാലെ കുട്ടികളുടെ പിതാവ് വെങ്കിടേശ്വരലു ഒളിവിൽ പോയി. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് പൊലീസ് കേസെടുത്തു.
ട്രക്ക് ഡ്രൈവറായ വെങ്കിടേശ്വരലു സ്ഥിരം മദ്യപിച്ചെത്തി ഭാര്യ അമരാവതിയുമായി വഴക്കിടുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ ഞായറാഴ്ച രാവിലെ മക്കളെയും കൂട്ടി അമരാവതി സ്വന്തം വീട്ടിലേക്ക് പോയി. അന്നു വൈകിട്ട് അമരാവതിയുടെ വീട്ടിലെത്തിയ വെങ്കിടേശ്വരലു തന്റെ കൂടെ വരാൻ ആവശ്യപ്പെട്ടു. എന്നാൽ അമരാവതി അതിന് തയ്യാറായില്ല. എന്നാൽ മക്കളെ ഇയാൾ നിർബന്ധപൂർവ്വം കൂട്ടിക്കൊണ്ടു പോയെന്ന് പൊലീസ് ഓഫിസർ പറഞ്ഞു.
അന്നു രാത്രി മദ്യപിച്ചെത്തിയ വെങ്കിടേശ്വരലു നീവ നദിയുടെ പാലത്തിൽനിന്ന് മക്കളെ നദിയിലേക്ക് എടുത്തിടുകയായിരുന്നു. അതിനുശേഷം വീട്ടിൽ മടങ്ങിയെത്തി മക്കളെ കൊന്നുവെന്ന് ഭാര്യയെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പൊലീസ് ഓഫിസർ പറഞ്ഞു.
അമരാവതിയും കുടുംബവും ഉടൻ വിവരം പൊലീസിനെ അറിയിച്ചു. നദിയിൽ കുട്ടികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും ഇന്നു രാവിലെയോടെയാണ് മൃതദേഹം കണ്ടെടുത്തത്.