ഹൈദരാബാദ്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഒന്നിക്കൽ. ഇതുമായി സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കൂടിക്കാഴ്ച നടത്തിയത്. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിയെ അകറ്റുക എന്ന നയത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകത വിവരിച്ചു. ഇതൊരു ചെറിയ കൂടിക്കാഴ്ച അല്ലെന്ന് പറഞ്ഞ തെലുങ്ക് ദേശം പാര്‍ട്ടി നേതാവ്, വരും നാളുകളിലും ചര്‍ച്ച പുരോഗമിക്കും എന്ന് പറഞ്ഞു. ബിജെപി നയിക്കുന്ന എന്‍ഡിഎക്ക് ബദലായി ഉയരുക എന്നതാണ് ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനതാദള്‍ സെക്യുലര്‍ നേതാവായ കുമാരസ്വാമി തിരുപ്പതിയിലേക്ക് പോകുന്നതിനിടയില്‍ വിജയവാഡയില്‍ നിര്‍ത്തി ചന്ദ്രബാബു നായിഡുവിനെ സന്ദര്‍ശിക്കുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി കസേര ലക്ഷ്യമിടുന്നവര്‍ അല്ലെന്നും തങ്ങളുടെ പ്രധാന ലക്ഷ്യം എന്‍ഡിഎയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്നതാണ് എന്നും കുമാരസ്വാമി പറഞ്ഞു. അരമണിക്കൂര്‍ നേരത്തോളം കൂടിക്കാഴ്ച തുടര്‍ന്നു.

“ഞങ്ങള്‍ കഴിഞ്ഞ മാസം തന്നെ പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഈയടുത്ത് ഡല്‍ഹിയിലെ എപി ഭവനില്‍ വച്ച് കണ്ടപ്പോള്‍ എങ്ങനെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടണം എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഞങ്ങള്‍ തിരഞ്ഞെടുപ്പിനായി അക്ഷമരായി കാത്തിരിക്കുകയാണ്. ആരാണ് പ്രധാനമന്ത്രി എന്നെല്ലാം ഓരോ പ്രാദേശിക പാര്‍ട്ടികളും ഒരുമിച്ച് ഇരുന്നാകും ചര്‍ച്ച ചെയ്യുക. പക്ഷെ അതിന് മുന്‍പ് രാജ്യത്തെ സുരക്ഷിതമാക്കുക എന്ന ദൗത്യം ഞങ്ങള്‍ക്ക് മുന്‍പിലുണ്ട്. നിലവിലുള്ള ഈ വ്യവസ്ഥയെ മാറ്റേണ്ടതായുണ്ട്.” കോണ്‍ഗ്രസ്- ബിഎസ്‌പി പിന്തുണയോടെ കര്‍ണാടകം ഭരിക്കുന്ന ജനതാദള്‍ നേതാവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook