‘എന്റെ മകനെ പറഞ്ഞാല്‍ നിങ്ങളുടെ ഭാര്യയെ കുറിച്ച് പറയും’; മോദിക്കെതിരെ ചന്ദ്രബാബു നായിഡു

‘മോദിക്ക് ഒരു ഭാര്യ ഉണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമോ? അവരുടെ പേര് യശോദാബെന്‍ എന്നാണ്’- ചന്ദ്രബാബു നായിഡു

ഗുണ്ടൂര്‍: തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്ത്. ആന്ധ്രയില്‍ വികസനം മറന്ന ചന്ദ്രബാബു നായിഡു സ്വന്തം കുടുംബത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മോദി ആരോപിച്ചിരുന്നു. ആന്ധ്രയിലെ ജനങ്ങള്‍ക്ക് സൂര്യോദയം വാഗ്ദാനം ചെയ്ത ചന്ദ്രബാബു നായിഡു എന്നാല്‍ മകന്റെ രാഷ്ട്രീയ ഉദയത്തിനാണ് ശ്രമിക്കുന്നതെന്ന് മോദി ആരോപിച്ചു.

എന്നാല്‍ തന്റെ മകനെ ഇതിലേക്ക് വലിച്ചിഴച്ചാല്‍ മോദിയുടെ കുടുംബത്തെ കുറിച്ചും താന്‍ പരാമര്‍ശം നടത്തുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ‘നിങ്ങള്‍ ഭാര്യയെ ഉപേക്ഷിച്ച ആളല്ലെ. കുടുംബ ബന്ധത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ബഹുമാനം ഉണ്ടോ. നിങ്ങള്‍ എന്റെ മകനെ കുറിച്ച് പറഞ്ഞത് കൊണ്ടാണ് നിങ്ങളുടെ ഭാര്യയെ കുറിച്ച് പറയുന്നത്. മോദിക്ക് ഒരു ഭാര്യ ഉണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമോ? അവരുടെ പേര് യശോദാബെന്‍ എന്നാണ്,’ വിജയവാഡയില്‍ ഒരു പൊതുപരിപാടിക്കിടെ ചന്ദ്രബാബു നായിഡു പറഞ്ഞു.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷമാണ് ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി എന്‍.ഡി.എ മുന്നണി വിട്ടത്. താന്‍ മോഡിയേക്കാള്‍ സീനിയറാണെങ്കിലും മോഡിയുടെ ഈഗോ തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തെ സാര്‍ എന്ന് വിളിക്കേണ്ടി വരുന്നുവെന്നും ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചന്ദ്രബാബു നായിഡു തന്നെക്കാള്‍ സീനിയറാണെന്ന് മോദി പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പാര്‍ട്ടികള്‍ മാറുന്ന കാര്യത്തിലാണെന്ന് മോദി പരിഹസിച്ചു. ‘തന്റെ ഭാര്യാ പിതാവ് എന്‍.ടി.ആറിനെ പിന്നില്‍ നിന്ന് കുത്തിയ കാര്യത്തിലും നായിഡു സീനിയറാണ്. ഒരിക്കല്‍ പ്രശംസിച്ചവരെ തൊട്ടടുത്ത നിമിഷം അപമാനിക്കുന്നതിലും നായിഡു തന്നേക്കാള്‍ സീനിയറാണെന്ന് മോദി പരിഹസിച്ചു.

ഗുണ്ടൂരില്‍ കൃഷ്ണപട്ടണം ബി.പി.സി.എല്‍ കോസ്റ്റല്‍ ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗുണ്ടൂരിലെ ഗാനാവരം എയര്‍പോര്‍ട്ടില്‍ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എത്തിയിരുന്നില്ല. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ബി.പി.എസി.എല്ലിന്റെ ചടങ്ങില്‍ വച്ച് ആന്ധ്രയ്ക്കായി 9000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ചന്ദ്രബാബു നായിഡുവിനെതിരായ രാഷ്ട്രീയ ആരോപണങ്ങള്‍ക്കാണ് പ്രധാനമന്ത്രി കൂടുതല്‍ സമയം ചെലവഴിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ ആന്ധ്രയിലും പ്രതിഷേധം ഉയര്‍ന്നു. അതേസമയം ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചവരോട് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. താന്‍ തിരികെ പോകണമെന്നാണ് ചിലര്‍ പറയുന്നത്. താന്‍ ഡല്‍ഹിയില്‍ അധികാരത്തിലേക്ക് തന്നെ തിരികെ പോകാന്‍ പോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുണ്ടൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുപ്പൂരിലേക്ക് പോയി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Andhra cm naidu drags modis wife name for comments on son lokesh

Next Story
അര്‍ണബ് ഗോസ്വാമിക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി കോടതിയുടെ നിര്‍ദേശം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express