ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ കുര്‍ന്നൂല്‍ ജില്ലയിലെ ഉപ്പരഹള്ളി ഗ്രാമത്തില്‍ പതിമൂന്നു വയസുകാരന്‍ തന്നെക്കാള്‍ പത്ത് വയസ് മൂത്ത യുവതിയെ വിവാഹം ചെയ്തു. കഴിഞ്ഞ മാസമാണ് വിവാഹം നടന്നത്.

പ്രദേശവാസികള്‍ പറയുന്നതനുസരിച്ച് വയ്യാതെ കിടക്കുന്ന അമ്മയുടെ ആഗ്രഹപ്രകാരമാണ് ആണ്‍കുട്ടി വിവാഹം കഴിച്ചത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഏപ്രില്‍ 27നു പെണ്ണിന്റെ വസതിയില്‍ നടന്ന കല്യാണത്തെപ്പറ്റിയുള്ള വിവരം അധികാരികള്‍ അറിയുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ കല്യാണ ചിത്രം വൈറലായതോടെയാണ്.

കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലാണ് യുവതിയുടെ വീട്. കല്യാണ വിവരങ്ങള്‍ വെളിച്ചത്ത് വന്നത് മുതല്‍ രണ്ടു കുടുംബങ്ങളും ഒളിവിലാണ്. ജില്ലയിലെ വനിതാശിശുക്ഷേമ ഓഫീസറും, തദ്ദേശത്തെ തഹസില്‍ദാറും ഉപ്പരഹള്ളിലെ വീട്ടില്‍ അന്വേഷണത്തിനായി ചെന്നപ്പോള്‍ വീട് പൂട്ടി കിടക്കുന്നതായാണ് കണ്ടത്. അവരുടെ ഫോണുകളും സ്വിച്ച് ഓഫ് ആണ്.

കര്‍ഷക തൊഴിലാളികളായ ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ നിലനിന്നിരുന്നു. ‘ഭര്‍ത്താവ് മദ്യപാനിയായതിനാല്‍ വയ്യാതായ തനിക്കെന്തെങ്കിലും പറ്റിയാല്‍ കുടുംബത്തെ നോക്കാന്‍ ആരുണ്ടാകും എന്ന് അമ്മ ഭയന്നിരുന്നു. മൂത്ത മകന്‍ പ്രായപൂര്‍ത്തിയായ ഒരു പെണ്ണിനെ വിവാഹം ചെയ്താല്‍ കുടുംബ കാര്യങ്ങള്‍ അവള്‍ നോക്കികൊളളുമെന്നാണ് അവര്‍ കരുതിയിരുന്നത്’, ഒരയല്‍വാസി പറഞ്ഞു. അവര്‍ക്ക് രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണുളളത്.

ഈ സമയത്ത് ബന്ധുക്കള്‍ വഴി കര്‍ണാടകയിലെ യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു കല്യാണാലോചനയുമായി മുന്നോട്ട് പോവുകയായിരുന്നു. കല്യാണ ക്ഷണക്കത്തില്‍ ഏപ്രില്‍ 23നു തുടങ്ങുന്ന വിവാഹചടങ്ങ് ഏപ്രില്‍ 27 വൈകിട്ട് 3:05 വരെയുണ്ടാകും എന്നാണു പറഞ്ഞിരിക്കുന്നത്.

‘നിയമപ്രകാരം സാധുത ഇല്ലാത്തതിനാല്‍ കല്യാണം റദ്ദാക്കും. രണ്ടു ദിവസത്തിനുള്ളില്‍ ആണ്‍കുട്ടിയെയും യുവതിയെയും ജില്ലാ അധികാരികള്‍ക്ക് കൈമാറിയില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് നേരെ കേസ് ഫയല്‍ ചെയ്യും’, തഹസില്‍ദാറായ ശ്രീനിവാസ റാവോ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook