മുന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേനെതിരെ ബലാത്സംഗ പരാതി നല്‍കാനായി നടത്തിയ പോരാട്ടത്തിനെക്കുറിച്ച് അതിജീവിതയായ യുവതി ദി ഇന്ത്യന്‍ എക്സ്പ്രസിനോട് വിവരിക്കുന്നു.
വാരണാസിയില്‍ നിന്നുള്ള ദളിത് കുടുംബത്തില്‍ ജനിച്ച യുവതിയുടെ ജീവിതം കുട്ടിക്കാലം ദുഷ്കരമായിരുന്നു. രണ്ട് വയസുള്ളപ്പോള്‍ അമ്മ മരിച്ചു. മാസങ്ങള്‍ക്ക് ശേഷം പിതാവ് രണ്ടാം വിവാഹത്തിന് തയാറായി. ഇല്ലായ്മകളാല്‍ അടയാളപ്പെടുത്തിയ ദിനങ്ങളായിരുന്നു പിന്നീട്, പുതിയ വസ്ത്രങ്ങളൊ മറ്റ് സൗകര്യങ്ങളൊ ലഭിച്ചില്ല. മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കാനും കഴിഞ്ഞില്ല.
17 വയസുള്ളപ്പോള്‍ പഠനം ഉപേക്ഷിക്കാന്‍ രണ്ടാനമ്മ നിര്‍ബന്ധിതയാക്കി. ഒരു കടയില്‍ പ്രതിമാസം ഏഴായിരം രൂപയ്ക്ക് വില്‍പ്പനക്കാരിയായി ജോലി ചെയ്തു. പ്രതിദിനം ചിലവിനായി രണ്ടാനമ്മ നല്‍കിയിരുന്നത് കേവലം 10 രൂപ മാത്രം.
പിന്നീട് പല ജോലികളും ചെയ്യേണ്ടി വന്നു. കോവിഡിന് ശേഷം ടൂറിസ്റ്റ് ഗയിഡായി ജോലി ചെയ്യവെയാണ് ഹോട്ടല്‍ ഉടമയായ സന്ദീപ് സിങ് (റിങ്കു) യുവതിയുടെ മുന്നിലെത്തുന്നത്. പിന്നീടായിരുന്നു പോരാട്ടങ്ങള്‍ ഓരോന്നായി വന്നത്. ആദ്യം പോര്‍ട്ട് ബ്ലയറിലെ രണ്ട് ഉന്നത് ഉദ്യോഗസ്ഥരുമായി, ഇപ്പോള്‍ പൊലീസും കോടതിയും.
ഈ സംഭവത്തോടെ തന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെട്ടെന്നും ഇര അല്ലെങ്കില്‍ പരാതിക്കാരി എന്നാണ് വിളിക്കപ്പെടുന്നതെന്നും വിവാഹിതയായ യുവതി പറയുന്നു. ദി ഇന്ത്യന്‍ എക്സ്പ്രസ് രണ്ട് ദിവസം യുവതിയുമായി സംസാരിച്ചു. ആരോപണങ്ങളില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിന് ശേഷം ഒരു മാധ്യമത്തിനോടുള്ള ആദ്യ പ്രതികരണമാണിത്.
യുവതിയുടെ സുരക്ഷയ്ക്കായി മൂന്ന് വനിത പൊലീസുകാരെയാണ് നിലവില്‍ നിയമിച്ചിരിക്കുന്നത്.
“ജനിച്ചത് മുതൽ എന്റെ ജീവിതം അസ്വസ്ഥമായിരുന്നു, അത് ഇപ്പോഴും അങ്ങനെ തന്നെ. ഏകദേശം മൂന്ന് മാസത്തോളമായി ഞാൻ എന്റെ മുറിയിൽ തന്നെയാണ്. ജീവിതത്തെ കുറിച്ച് നിരന്തരമായ ഭയമുണ്ട്, ”അവൾ പറയുന്നു.
28 വയസുള്ള ഭർത്താവിന് ഫീൽഡ് ഓപ്പറേഷൻസ് ജോലിയാണ്. യുവാവുമായി പ്രണയത്തിലായിരുന്നപ്പോഴാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയില്‍ പറയുന്നത് പ്രകാരം ലേബര്‍ കമ്മിഷണര്‍ റിഷിയാണ് നരേനിന്റെ വസതിയിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഇരുവരും ഔദ്യോഗിക വസതിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
ആദ്യത്തെ ദുരനുഭവത്തിന് ശേഷം രണ്ടാമതും യുവതിക്ക് ഇരുവരുടേയും മുന്നിലേക്ക് എത്തേണ്ടി വന്നു. അതിന്റെ കാരണവും യുവതി വ്യക്തമാക്കി. “ആൻഡമാൻ മുഴുവൻ തന്റെ നിയന്ത്രണത്തിലാണെന്നും എനിക്ക് സർക്കാർ ജോലി ഉറപ്പിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി എന്നോട് പറഞ്ഞു. അതുകൊണ്ടാണ് ഞാൻ പോയി,” യുവതി പറഞ്ഞു.
നരേന്റെ വീട്ടിലെ രണ്ടാമത്തെ സന്ദർശനത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ലേബര്‍ കമ്മിഷണര്‍ യുവതിയുടെ ഫോണ്‍ കോളുകള്‍ സ്വീകരിച്ചില്ല. സര്‍ക്കാര്‍ ജോലി എന്നത് വെറും സ്വപ്നമായി മാറുമോയെന്ന ഭയം ഉടലെടുത്തു.
കഴിഞ്ഞ ജൂലൈയിലാണ് നരേന്‍ സ്ഥലം മാറിപ്പോയെന്നും ഇനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞുകൊണ്ടുള്ള ലെബര്‍ കമ്മിഷണറുടെ ഫോണ്‍ കോള്‍ യുവതിക്ക് ലഭിക്കുന്നത്. പിന്നാലെ ആത്മഹത്യക്ക് യുവതി ശ്രമിച്ചു. ഭര്‍ത്താവിന്റെ ഇടപെടലാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്. ശേഷം യുവതി തന്റെ ഭര്‍ത്താവിനോട് എല്ലാ കാര്യങ്ങളും വിവരിക്കുകയായിരുന്നു.
പിന്നീട് പേടിപ്പെടുത്തുന്ന രാത്രികളായിരുന്നു ഇരുവര്‍ക്കും. പൊലീസിന്റെ അന്വേഷണം, ചോദ്യം ചെയ്യല്‍, വൈദ്യ പരിശോധന എന്നിങ്ങനെ ഓരോന്നായി മറക്കാനാഗ്രഹിച്ച നിമിഷങ്ങളെ വീണ്ടും ഓര്‍മ്മിപ്പിച്ചു.
കൂട്ടബലാത്സംഗം, ലൈംഗികാതിക്രമം എന്നീ ആരോപണങ്ങൾ നേരിടുന്ന മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആൻഡമാൻ നിക്കോബാർ ദ്വീപ് ഭരണകൂടം തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. നരേനിന്റെ മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്തുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.